ബ്യൂണസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയുടെ ദേശീയ ടീമിലെ അവസാന മത്സരത്തിന് വേദിയൊരുക്കാൻ സാധിച്ചതിൽ സന്തോഷവും വികാരവും പങ്കുവച്ച് പരിശീലകൻ ലയണൽ സ്കലോണി. അർജന്റീനയുടെ ജഴ്സിയിൽ മെസിയുടെ അവസാന മത്സരം ഒക്ടോബർ ആറിന് ബ്യൂണസ് ഐറിസിലെ റിവർ പ്ലേറ്റിന്റെ എസ്റ്റാഡിയോ മോനുമെന്റലിലാണ് നടക്കുക. ഏകദേശം 85,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയമാണിത്. മെസിക്ക് സ്വന്തം ആരാധകർക്ക് മുന്നിൽ വിടപറയാനുള്ള അവസരം ഒരുക്കാൻ തങ്ങൾ സാദ്ധ്യമായതെല്ലാം ചെയ്തെന്നും സ്കലോണി പറഞ്ഞു.
'അന്ന് കരയാതിരിക്കുക ബുദ്ധിമുട്ടായിരിക്കും. ആ നിമിഷത്തിന്റെ ഭാഗമാകാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്.'- സ്കലോണി പറഞ്ഞു. അർജന്റീനയ്ക്ക് വേണ്ടിയും മെസിക്കായും താൻ ചെയ്യാവുന്നതെല്ലാം ചെയ്തെന്നും താൻ ഇനി ടീമിനൊപ്പം ഉണ്ടകുമോയെന്നതിൽ നിശ്ചയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായ രണ്ടാം ലോകകപ്പ് എന്ന മോഹം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി മെസി ടൂർണമെന്റിൽ നിറഞ്ഞുനിന്നു. കിരീടം നഷ്ടമായതിന് പിന്നാലെ പിതാവിന്റെ വിയോഗവും താരത്തെ വല്ലാതെ ഉലച്ചു. തുടർന്ന് താരം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ആരാധകർക്ക് മുന്നിൽ ഒരു അവസാന മത്സരം കളിക്കാൻ മെസിക്ക് അവസരം നൽകുന്നതിനായി അർജന്റീന ഫുട്ബോൾ ഫെഡറേഷൻ നടത്തിയ ശ്രമത്തിനൊടുവിലാണ് വിടവാങ്ങൽ മത്സരത്തിന് വേദിയൊരുങ്ങുന്നത്.
കൂടാതെ, ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിനായി മെസിയും നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. പുരസ്കാരം ലഭിച്ചുകഴിഞ്ഞാൽ ഒമ്പത് തവണബാലൺ ഡി ഓർ സ്വന്തമാക്കുന്ന വ്യക്തി എന്ന നേട്ടം മെസിയുടെ പേരിലാകും. ഏറ്റവും മികച്ച കളിക്കാരനെയാണ് നോക്കുന്നതെങ്കിൽ ആ പുരസ്കാരത്തിന് അർഹൻ മെസി തന്നെയാണ് എന്നായിരുന്നു സ്കലോണിയുടെ പ്രതികരണം. അതേസമയം, ഈ വർഷം അവസാനത്തോടെ സ്കലോണിയുടെ കരാർ കഴിയുന്നതിനാൽ അദ്ദേഹം കോച്ചായി തുടരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.