മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിൽ ഇന്ന് രാവിലെ മുതൽ വൈദ്യുതി മുടങ്ങി. ആശുപത്രിക്കുള്ളിലെ വയറിങ് തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. വൈദ്യുതി തടസപ്പെട്ടതോടെ അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെ മാറ്റിവച്ചു.
രാവിലെ 7.30 മുതലാണ് ആശുപത്രിയിൽ വൈദ്യുതി പൂർണമായും നിലച്ചത്. കെഎസ്ഇബിയിൽ നിന്ന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും ആശുപത്രിക്കുള്ളിലെ തകരാർ കാരണം വൈദ്യുതി വിതരണം തടസപ്പെടുകയായിരുന്നു.
ഒപി സേവനങ്ങൾ, കേൾവി പരിശോധന എന്നിവയും താൽക്കാലികമായി മാറ്റിവച്ചു. സ്വിച്ചിന്റെ തകരാറാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജെ. ലിജോയുടെ വിശദീകരണം.
ചില്ലർ പ്ലാന്റ്, കാത്ത് ലാബ് എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. എച്ച്ഒഡിമാരുമായി ചർച്ച ചെയ്താണ് വിവിധ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾ മാറ്റിവച്ചത്. ഉച്ചയോടെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.