വ്യാജ പൊലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരനിൽ നിന്ന് ഫൈൻ ചോദിച്ചു, കിട്ടാത്തതിനാൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു!

ബക്സർ: ബീഹാറിൽ ആൾമാറാട്ടം നടത്തി ട്രെയിനിൽ യാത്രക്കാരനിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും, പണം നൽകാത്തതിനെ തുടർന്ന് ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബീഹാർ ഭോജ്പൂർ ജില്ലയിലെ ബാരിസ്വാൻ സ്വദേശിയായ 25 കാരൻ രോഹിത് തിവാരിയാണ് അറസ്റ്റിലായത്.

വൈശാലി ജില്ലക്കാരനായ 21 കാരൻ നിതിൻ കുമാറാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ ലേബററായി ജോലി ചെയ്തിരുന്ന നിതിൻ, ഹൈദരാബാദ്-ദാനപൂർ സ്പെഷ്യൽ ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. വ്യാജ പൊലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് കോച്ചുകളിൽ കയറി പുകവലി ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുന്നതായിരുന്നു പ്രതിയുടെ രീതി. എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ഉപദ്രവിക്കുന്നതും പതിവായിരുന്നു.

സെപ്റ്റംബർ 20-ന് രാത്രി നിതിൻ പുകവലിക്കുന്നത് കണ്ട പ്രതി, താൻ പൊലീസാണെന്ന് പറഞ്ഞ് യുവാവിന്റെ കൈയിൽ നിന്ന് പണം ആവശ്യപ്പെട്ടു. എന്നാൽ ലക്ഷ്യമിട്ട തുക ലഭിക്കാത്തതിനെ തുടർന്ന് ട്രാക്കിലേക്ക് തള്ളിയിട്ടു. തുടർന്ന് നിതിന്റെ ഫോണിൽ നിന്ന് കുടുംബാംഗങ്ങളെ വിളിച്ച് 10,000 രൂപ ആവശ്യപ്പെട്ടു. കുടുംബം പിറ്റേദിവസം രാവിലെ നിതിന്റെ അക്കൗണ്ടിലേക്ക് 5,000 രൂപ അയച്ചുകൊടുത്തു. എന്നാൽ വീണ്ടും 20,000 രൂപ ആവശ്യപ്പെട്ട് ഫോൺ കോളുകൾ വരികയും നിതിനുമായി സംസാരിക്കാൻ സാധിക്കാതിരിക്കുകയും ചെയ്തതോടെ കുടുംബത്തിന് സംശയം തോന്നി. തുടർന്ന് ഗ്രാമമുഖ്യനുമൊത്ത് ബക്സർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ദാനപൂർ റെയിൽവേ ഡിഎസ്പി കഞ്ചൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ രോഹിത് തിവാരിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, പണം നൽകാൻ കഴിയാത്തതിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് നിതിനെ തള്ളിയിടുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. തുടർന്ന് റെയിൽവേ പാളത്തിൽ നിന്ന് നിതിന്റെ മൃതദേഹം പൊലീസ് കണ്ടെത്തുകയും കുടുംബം തിരിച്ചറിയുകയും ചെയ്തു. മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ, ജയിൽ വാസത്തിന് ശേഷം രണ്ട് മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *