മുംബൈ: മഹാരാഷ്ട്രയിൽ വരൾച്ച രൂക്ഷമായതോടെ സംസ്ഥാനത്തെ 358 താലൂക്കുകളിൽ 265 എണ്ണവും വരൾച്ചാബാധിതമായി സർക്കാർ പ്രഖ്യാപിച്ചു. ആകെ താലൂക്കുകളുടെ 74 ശതമാനത്തോളം വരുന്നതാണ് ഈ എണ്ണം. വരൾച്ചാ മാനേജ്മെന്റ് മാനുവലിലെ ‘ട്രിഗർ-1’ വ്യവസ്ഥകൾ പ്രകാരമാണ് നടപടി.
25 ശതമാനത്തിലധികം മഴക്കുറവും തുടർച്ചയായി 21 ദിവസം മഴ ലഭിക്കാതിരുന്നതുമാണ് ‘ട്രിഗർ-1’ പ്രഖ്യാപനത്തിന് കാരണമായത്.
വരൾച്ചാബാധിത മേഖലകളിൽ വിവിധ ആശ്വാസ നടപടികൾക്കും സർക്കാർ അനുമതി നൽകി. കർഷകർക്ക് ഭൂനികുതിയിൽ ഇളവ് നൽകും. കാർഷിക വായ്പകളുടെ തിരിച്ചടവ് താൽക്കാലികമായി നിർത്തിവയ്ക്കുകയും വിളവായ്പകൾ പുനഃക്രമീകരിക്കുകയും ചെയ്യും.
7.5 ഹോഴ്‌സ്പവർ വരെയുള്ള കാർഷിക പമ്പുകളുടെ വൈദ്യുതി ബിൽ നേരത്തെ ഒഴിവാക്കിയിരുന്നു. ഉയർന്ന ശേഷിയുള്ള പമ്പുകൾക്കും ഇളവ് അനുവദിക്കും. വെള്ളം ലഭ്യമല്ലാത്ത ഗ്രാമങ്ങളിലെ കാർഷിക പമ്പുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്നും നിർദേശമുണ്ട്.
വരൾച്ചാബാധിത പ്രദേശങ്ങളിലെ സ്കൂൾ, കോളജ് വിദ്യാർഥികളുടെ പരീക്ഷാ ഫീസ് ഒഴിവാക്കും. തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങളിൽ ഇളവ് വരുത്തി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. കൃഷിയെ ആശ്രയിക്കുന്ന കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാനും നടപടി സ്വീകരിക്കും.