ക്രിമിനൽ കേസ് പ്രതികൾക്ക് കുരുക്ക്: എയ്ഡഡ് സ്‌കൂൾ നിയമനത്തിന് ഇനി മുതല്‍ പോലീസ് വെരിഫിക്കേഷൻ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ്. ക്രിമിനൽ കേസുകളിൽപ്പെട്ടവർ സർവീസിൽ പ്രവേശിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് നടപടി. പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

എയ്ഡഡ് സ്‌കൂൾ ജീവനക്കാരുടെ നിയമന അംഗീകാരത്തിനായി സമർപ്പിക്കേണ്ട രേഖകളിൽ ഇനി പോലീസ് വെരിഫിക്കേഷൻ പെർഫോമയും ഉൾപ്പെടുത്തും. നിയമനാംഗീകാര അധികാരികൾ ഈ പെർഫോമയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട പോലീസ് അധികാരികളിൽ നിന്ന് റിപ്പോർട്ട് തേടണം. പോലീസ് റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമേ നിയമനത്തിന് അംഗീകാരം നൽകാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

നേരത്തെ ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലിയിൽ പ്രവേശിക്കുന്നവരുടെ പോലീസ് വെരിഫിക്കേഷൻ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. ഇതിന്റെ ചുവടുപിടിച്ചാണ് എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലും പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയത്. നടപടിയുടെ ഭാഗമായി കേരള വിദ്യാഭ്യാസ ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും.

Leave a Reply

Your email address will not be published. Required fields are marked *