ചണ്ഡിഗഢ്: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ (എൽ.പി.യു) വിദ്യാർത്ഥികൾ കാമ്പസ് അടിച്ചു തകർക്കുകയും കെട്ടിടത്തിന്റെ ചില ഭാഗങ്ങൾക്ക് തീയിടുകയും ചെയ്തു. ഒരു വിദ്യാർത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും ആത്മഹത്യ ചെയ്തുവെന്നുമുള്ള സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളെത്തുടർന്നുണ്ടായ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്നാണ് ഇത്.
ഹോസ്റ്റലിലെ ഒരു പെൺകുട്ടി മൂന്ന് ദിവസം മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും അവൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയെന്നുമാണ് വിദ്യാർത്ഥികൾ അവകാശപ്പെട്ടുവെന്ന് ഡി.ഐ.ജി (ജലന്ധർ റേഞ്ച്) നവീൻ സിംഗ്ല പറഞ്ഞു. ഇതേതുടർന്ന് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാമ്പസിലെ ഒരു നിർമ്മാണ തൊഴിലാളി പെൺകുട്ടി ബലാത്സംഗം ചെയ്തുവെന്നും അതിനുശേഷം കോളേജ് അധികൃതർ അവളെ വീട്ടിലേക്ക് അയച്ചുവെന്നും ഒരു പ്രതിഷേധക്കാരനായ വിദ്യാർത്ഥി അവകാശപ്പെട്ടു. പെൺകുട്ടി ആത്മഹത്യ ചെയ്തതായി അവളുടെ റൂംമേറ്റ് പിന്നീട് മറ്റ് വിദ്യാർത്ഥികളെ അറിയിച്ചു. ഇതാണ് പ്രതിഷേധം കത്തിപ്പടരാനിടയാക്കിയത്. ഇന്നലെ രാത്രി വൈകി തുടങ്ങിയ പ്രതിഷേധം ഇന്നു രാവിലെയും തുടർന്നു.
മുദ്രാവാക്യം വിളിച്ചും നീതി ആവശ്യപ്പെട്ടും വിദ്യാർത്ഥികളുടെ വലിയൊരു സംഘം ആദ്യം പ്രതിഷേധിക്കുന്നതായി വീഡിയോകളിൽ കാണാം. കാമ്പസിനുള്ളിലെ ജനൽ ചില്ലുകളും പൂച്ചട്ടികളും ചില വിദ്യാർത്ഥികൾ തകർത്തതോടെ ഇത് പിന്നീട് അക്രമാസക്തമായി. സർവ്വകലാശാലാ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് തീയിടുകയും ചെയ്തു. ഒരു വിഭാഗം വിദ്യാർത്ഥികൾ ജലന്ധർ-ഫഗ്‌വാറ ദേശീയ പാതയും ഉപരോധിച്ചു.
സംഭവസ്ഥലത്തെത്തിയ പൊലീസ്, ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ തെറ്റും തെറ്റിധാരണാജനകവുമാണ്, അവ ദുഷ്ടലാക്കോടെയുള്ള സ്രോതസ്സുകൾ പ്രചരിപ്പിക്കുന്നവയാണ് എന്ന് വിദ്യാർത്ഥികളെ അറിയിക്കുകയും ചെയ്തു.