ചക്രവാതച്ചുഴിയുടെ സ്വാധീനം; മഴ വീണ്ടും ശക്തമാകും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ കൊണ്ട് അർഥമാക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ചക്രവാതച്ചുഴി

ചക്രവാതച്ചുഴി തിങ്കളാഴ്ച വടക്കൻ ആൻഡമാൻ കടലിന് മുകളിലേക്ക് എത്താൻ സാധ്യതയുണ്ട്. തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ മ്യാൻമർ-ബംഗ്ലാദേശ് തീരങ്ങൾക്ക് സമാന്തരമായി വടക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങി വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളിൽ മഴ ശക്തമാകുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരത്ത് കള്ളക്കടൽ ജാഗ്രത; റെഡ് അലർട്ട്

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു. കേരള തീരത്ത് നാളെ രാവിലെ 10.30 വരെ 1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ

കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ

എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ

തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ

മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ

കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ

കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ

കാസർകോട്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

Leave a Reply

Your email address will not be published. Required fields are marked *