ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കാനായി ഷെഹ്‌ബാസ് ഷെരീഫ് സർക്കാർ ഒത്തുതീർപ്പ് വ്യവസ്ഥകൾ മുന്നോട്ടുവച്ചതായി റിപ്പോർട്ട്. ഇമ്രാൻ ഖാന്റെ മകൻ ഖാസിം ഖാൻ അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവിന്റെ മോചനത്തിനായി എന്ത് വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാണെന്ന് കാസിം പറഞ്ഞു.
ഒരു മകനെന്ന നിലയിൽ സ്വാർത്ഥമായി ചിന്തിക്കുമ്പോൾ പിതാവ് ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ച് പുറത്തുവരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ, പാകിസ്ഥാനിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം എന്തെന്ന് എനിക്ക് പൂർണമായ അറിവില്ല. ഏഴ് മാസത്തിലേറെയായി പിതാവുമായി സംസാരിച്ചിട്ടില്ല'- കാസിം പറഞ്ഞു. അതേസമയം, ഇമ്രാൻ ഖാൻ അത്തരമൊരു ധാരണ അംഗീകരിക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും കാസിം പറഞ്ഞു. മറ്റ് രാഷ്‌ട്രീയ തടവുകാരും ജയിലിൽ കഴിയുന്നുണ്ടെന്നും കുടുംബാംഗങ്ങളിൽ ചിലരും തടവിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിതാവുമായി ഫോണിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടും ജയിൽ അധികൃതർ അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നും കാസിം പറയുന്നുണ്ട്. ഇമ്രാൻ ഖാന്റെ ആരോഗ്യനില സംബന്ധിച്ചുള്ള ആശങ്കകൾ പലരും ഉന്നയിക്കുന്നുണ്ട്. ഒരു കണ്ണിന്റെ കാഴ്‌ചയ്‌ക്ക് കാര്യമായ തകരാറുണ്ടായതായും സമീപകാലത്ത് നിരവധി തവണ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിലെത്തിച്ചെന്നും റിപ്പോർട്ടുണ്ട്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തെങ്കിലും ചർച്ചകൾക്കുള്ള സാദ്ധ്യത മുൻനിർത്തി മാറ്റിവച്ചെന്നാണ് റിപ്പോർട്ട്.