കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് സിപിഐ കൊല്ലം ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഉപജാപകവൃന്ദത്തിന്റെ പിടിയിലാണെന്നും വിമര്‍ശനം ഉയര്‍ന്നു. ബിനോയ് വിശ്വത്തിന് സ്വതന്ത്ര തീരുമാനമില്ലെന്നും ഉപജാപകസംഘങ്ങള്‍ പറയുന്നതാണ് അദ്ദേഹം കേള്‍ക്കുന്നതെന്നുമായിരുന്നു വിമര്‍ശനം. ബിനോയ് വിശ്വത്തെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു വിമര്‍ശനം.
സിപിഐക്ക് സ്വാധീനമുള്ള ജില്ലയാണ് കൊല്ലം. അവിടെനിന്നാണ് നേതൃത്വത്തിന് നേര്‍ക്ക് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കൊല്ലം ജില്ലയില്‍ നാലു സീറ്റുകളിലാണ് സിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. ജയിച്ചത് ഒരിടത്ത് മാത്രമാണ്. എല്ലാ സ്ഥാനാര്‍ഥികളെയും തീരുമാനിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത് സംസ്ഥാന സെക്രട്ടേറിയറ്റാണ്. സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരു ‘കാരണഭൂതനാ’ണ് പരാജയങ്ങള്‍ക്ക് കാരണമെന്നും വിമര്‍ശനമുണ്ടായി. മുന്‍മന്ത്രി ജെ. ചിഞ്ചുറാണിക്ക് ഏരിയാ കമ്മിറ്റി അംഗങ്ങളെ പോലും അറിയില്ല. ഒരു ഏരിയാ കമ്മിറ്റി അംഗത്തോട് മൂന്നുവട്ടമാണ് വോട്ട് ചോദിച്ചതെന്നും വിമര്‍ശനമുണ്ടായി.
ഭരണം ലഭിക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍ ആഗ്രഹിച്ചതായും വിമര്‍ശനം ഉയര്‍ന്നു. ഇഷ്ടക്കാരെ പ്രധാനസ്ഥാനങ്ങളില്‍ തിരുകിക്കയറ്റാനുള്ള ശ്രമമാണ് സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.