ഗുജറാത്തില്‍ വമ്പന്‍ ഡേറ്റാ സെന്റര്‍ നിര്‍മിക്കാന്‍ റിലയന്‍സും മെറ്റയും

ഗുജറാത്തിലെ ജാംനഗറില്‍ ഡാറ്റാ സെന്റര്‍ നിര്‍മിക്കുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും മെറ്റ പ്ലാറ്റ്‌ഫോംസും കൈകോര്‍ക്കുന്നു. ഇരുകമ്പനികളുടെയും പങ്കാളിത്തത്തില്‍ 168 MW ശേഷിയുള്ള ഡേറ്റാ സെന്റര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വികസിപ്പിക്കും. ഭാവിയില്‍ കൂടുതല്‍ വിപുലീകരണത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ടാകും നിര്‍മാണം.
മെറ്റയുടെ ഇന്ത്യയിലെ ആദ്യത്തെ ‘ബില്‍റ്റ്-ടു-സ്യൂട്ട്’ ഡാറ്റാ സെന്ററാണിത്. ആഗോളതലത്തില്‍ എഐ അടിസ്ഥാന സൗകര്യമൊരുക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലും. മെറ്റ ഈ ഡേറ്റാ സെന്റര്‍ പാട്ടത്തിനെടുക്കും. അവരുടെ ആഗോള ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരണത്തിന്റെ ഭാഗമായാവും ഇത്. മെറ്റയുടെ പ്രധാന ബിസിനസുകള്‍ക്കും എഐ കമ്പ്യൂട്ടിങ് ആവശ്യങ്ങള്‍ക്കും അത് പിന്തുണ നല്‍കും.
കരാര്‍ പ്രകാരം ഡാറ്റാ സെന്ററിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും മുതല്‍ പ്രവര്‍ത്തനം, പുനരുപയോഗ ഊര്‍ജ്ജ വിതരണം, നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി എന്നിവയുടെ മുതല്‍ നടത്തിപ്പ് വരെയുള്ള മുഴുവന്‍ സേവനങ്ങളും റിലയന്‍സ് നല്‍കും. ഇതോടെ ഇന്ത്യയില്‍ ഹൈപ്പര്‍സ്‌കെയില്‍ എഐ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്ന സിംഗിള്‍-വിന്‍ഡോ സൊല്യൂഷന്‍സ് പ്രൊവൈഡര്‍ എന്ന നിലയില്‍ റിലയന്‍സിന്റെ സാന്നിധ്യം ഈ രംഗത്ത് ശക്തമാകും.
ഗുജറാത്തിന്റെ തന്ത്രപരമായ സ്ഥാനം വമ്പന്‍ ഡാറ്റാ സെന്റര്‍ നിര്‍മാണത്തിന് അനുയോജ്യമാണെന്ന് റിലയന്‍സ് പറയുന്നു. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, വെള്ളത്തിന്റെ ലഭ്യത, സമുദ്രത്തിനടിയിലെ കേബിള്‍ ലാന്‍ഡിങ് സ്റ്റേഷനുകളുടെ സാമീപ്യം, ജിയോയുടെ വിപുലമായ ഫൈബര്‍ നെറ്റ്വര്‍ക്ക് എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഡാറ്റാ സെന്ററിന് പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിക്കുകയും ശുദ്ധീകരിച്ച കടല്‍ജലം ഉപയോഗിച്ച് ശീതീകരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.ഇന്ത്യയിലേക്ക് ആഗോള എഐ അടിസ്ഥാന സൗകര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള ഭാരത സര്‍ക്കാര്‍ നയങ്ങളുമായി യോജിക്കുന്നതാണ് ഈ പങ്കാളിത്തമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി. അംബാനി പറഞ്ഞു. ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ എഐ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നതിന് റിലയന്‍സുമായി സഹകരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് മെറ്റയുടെ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗും പ്രതികരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *