ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ ആദ്യ ബഹുജന മുന്നേറ്റ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരേ ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബിന്‍. രാജ്യത്തെ യുവാക്കള്‍, നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് തള്ളിവിടുന്ന വിദേശകരങ്ങളിലെ കളിപ്പാവകളാകില്ലെന്ന് അദ്ദേഹം പറഞ്ഞു. റാഞ്ചിയില്‍ വെച്ച് നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’ഇന്ത്യയിലെ യുവാക്കള്‍ രാഷ്ട്ര നിര്‍മ്മാണത്തിലും അവരുടെ ഭാവി ഭദ്രമാക്കുന്നതിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. രാജ്യത്തെ യുവാക്കളുടെ ദിശ നിര്‍ണ്ണയിക്കാനാകുമെന്നാണ് വിദേശത്തിരുന്ന് ചില ആളുകള്‍ കരുതുന്നത്. എന്നാല്‍ ഇന്ത്യയിലെ യുവാക്കള്‍ ഇത്തരം ശക്തികളുടെ കൈയിലെ കളിപ്പാവകളാകില്ല’- നിതിന്‍ നബിന്‍ പറഞ്ഞു.ഇന്ത്യയിലെ യുവാക്കളെ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത്, ഈ രാജ്യത്തെ യുവാക്കള്‍ പോസിറ്റീവ് രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുമെന്ന മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിജെപി മേധാവി അഭിജീത് ദീപ്‌കെയുടെ പേര് പരാമര്‍ശിക്കാതെയാണ് നിതിന്‍ നബിന്റെ പ്രതികരണം.പരീക്ഷാ നടത്തിപ്പുകളുമായി ബന്ധപ്പെട്ട വീഴ്ചകളില്‍ ഉത്തരവാദിത്വമേറ്റ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കണമെന്ന ആവശ്യവുമായാണ് കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് സിജെപി പാര്‍ട്ടി സമരം നടത്തിയത്. സാമൂഹിക മാധ്യമ മുന്നേറ്റമായി തുടങ്ങിയ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആദ്യ പ്രത്യക്ഷ സമരമായിരുന്നു കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് അരങ്ങേറിയത്.