ഐ.പി.എസ് കാരുടെ ഡെപ്യൂട്ടേഷന്‍ തസ്തിക: വ്യക്തതയില്ലാതെ പൊതുഭരണവകുപ്പ്; ഡി.ജി.പി., എ.ഡി.ജി.പി. എണ്ണം പെരുപ്പിച്ചുകാട്ടുന്നു

കൊല്ലം: സംസ്ഥാനത്തെ ഐ.പി.എസുകാരുടെ ഡെപ്യൂട്ടേഷന്‍ തസ്തിക സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം കേരള കേഡറിലുള്ള 172 ഐ.പി.എസ്. ഉദ്യോഗസ്ഥരില്‍ 37 പേര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലും 23 പേര്‍ സംസ്ഥാന ഡെപ്യൂട്ടേഷനിലും പോകണം. ഒരുകാലത്തും ഇത്രയും തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നല്‍കാറില്ല.ആകെയുള്ള 60 ഡെപ്യൂട്ടേഷന്‍ തസ്തികകളില്‍ പകുതിയില്‍ താഴെ മാത്രമേ നിയമനം നടത്താറുള്ളൂ. ഡി.ജി.പി., എ.ഡി.ജി.പി. തസ്തികകള്‍ നിലനിര്‍ത്താന്‍ ഐ.പി.എസ്. തസ്തികകളുടെ എണ്ണം പെരുപ്പിച്ചുകാട്ടാനാണ് നിയമനം നടത്താതെ ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ കൂട്ടിക്കാണിക്കുന്നതെന്ന് സേനയ്ക്കുള്ളില്‍ വിമര്‍ശനമുണ്ട്.ഐ.ബി., സി.ബി.ഐ., എന്‍.ഐ.എ. തുടങ്ങിയ കേന്ദ്ര ഏജന്‍സികളിലേക്ക് ഉദ്യോഗസ്ഥരുടെ അനുവാദം ചോദിക്കാതെ ഡെപ്യൂട്ടേഷന്‍ നല്‍കാമെന്നിരിക്കെയാണ് പകുതിപ്പേരെ മാത്രം ഡെപ്യൂട്ടേഷന് അയയ്ക്കുന്നത്. സംസ്ഥാന ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ പൊതുഭരണവകുപ്പ് വ്യക്തതവരുത്തിയിട്ടില്ല.വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കില്ല. ആകെ 60 ഡെപ്യൂട്ടേഷന്‍ തസ്തികകളുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ധരിപ്പിച്ചാണ് ആകെ കേഡര്‍ ബലം 172 ആക്കി നിലനിര്‍ത്തിയിരിക്കുന്നത്. 172 ഐ.പി.എസ്. ഉദ്യോഗസ്ഥരുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പി., ഡി.ജി.പി. തസ്തികകള്‍ അനുവദിച്ചിട്ടുള്ളത്.മുകള്‍ത്തട്ട് തസ്തികകള്‍ വര്‍ധിപ്പിക്കാന്‍വേണ്ടി ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ പെരുപ്പിച്ചുകാണിക്കുകയാണെന്നാണ് ആരോപണം. പോലീസിന്റെ സിവില്‍ ലിസ്റ്റനുസരിച്ച് ഇക്കൊല്ലം ജനുവരി ഒന്നിന് 146 ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളു.എസ്.പി.മുതല്‍ മുകളിലേക്കുള്ള സീനിയര്‍ ഡ്യൂട്ടി പോസ്റ്റുകള്‍ സംസ്ഥാനത്ത് ആകെ എണ്ണം 94 ആണ്. ഇതിന്റെ 40 ശതമാനമായ 37 തസ്തികകളാണ് പരമാവധി കേന്ദ്ര ഡെപ്യൂട്ടേഷന്‍ നല്‍കേണ്ടത്. 25 ശതമാനമായ 23 വരെ സംസ്ഥാന ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ നല്‍കാം.എന്നാല്‍ മിക്കപ്പോഴും മൂന്നോ നാലോ പേരെ മാത്രമാണ് സംസ്ഥാന ഡെപ്യൂട്ടേഷനിലേക്ക് വിടുന്നത്. 23 സംസ്ഥാന ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്നാണ് സേനയ്ക്കുള്ളില്‍നിന്നുയരുന്ന ആവശ്യം.

 

 

Leave a Reply

Your email address will not be published. Required fields are marked *