തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകര്‍ക്കുള്ള പ്രീ ലേണേഴ്സ് ക്ലാസിന് ഫീസ് ഈടാക്കുന്നത് ഗതാഗത കമ്മിഷണര്‍ നാഗരാജു ചകിലം വിലക്കി. കൊല്ലം, കരുനാഗപള്ളി ഓഫീസുകളിലെ ക്ലാസ് നടത്തിപ്പിന് മോട്ടോര്‍ വാഹന വകുപ്പ് ചുമതലപ്പെടുത്തിയ (ട്രോമ കെയര്‍ ആന്‍ഡ് റോഡ് ആക്സിഡന്റ് എയ്ഡ് സെന്റര്‍) ട്രാക്ക് എന്ന സന്നദ്ധസംഘടന ലൈസന്‍സ് അപേക്ഷകരില്‍ നിന്നും പണം വാങ്ങിയത് പരാതിക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് നടപടി.
ലൈസന്‍സിന്റെ തരം അനുസരിച്ച് അപേക്ഷകരില്‍ നിന്നും 100 രൂപ മുതല്‍ 500 രൂപവരെ ഫീസ് ഈടാക്കിയതാണ് വിവാദമായത്. ഡ്രൈവിങ് പഠിക്കുന്നവര്‍ക്ക് റോഡ് സുരക്ഷാ അവബോധം നല്‍കുന്നതിനാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രീ ലേണേഴ്സ് ക്ലാസുകള്‍ ആരംഭിച്ചത്. ഇന്‍സ്പെക്ടര്‍മാരെയാണ് ക്ലാസ് നടത്തിപ്പിന് ചുമതലപ്പെടുത്തിയിരുന്നത്.
സ്ഥലപരിമിതിയുള്ള ഓഫീസുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായം തേടാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ കൊല്ലം, കരുനാഗപ്പള്ളി ഓഫീസുകളിലെ ക്ലാസ് നടത്തിപ്പ് ട്രാക്കിന് കൈമാറുകയായിരുന്നു. മാസം 1500 ലേറേപേര്‍ ഇവരുടെ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു.
ലൈസന്‍സ് ടെസ്റ്റിന് ഹാജരാകണമെങ്കില്‍ ട്രാക്കിന്റെ കോഴ്സില്‍ പങ്കെടുക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര പുനലൂര്‍, ഹെവി ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ട്രാക്കിന്റെ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തു. മറ്റു ഓഫീസുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കവേയാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഇടപെട്ടത്.
കോഴ്സ് നടത്തുന്നതില്‍ സന്നദ്ധ സംഘടനകളുടെ സഹായം തേടുന്നതില്‍ തെറ്റില്ല. എന്നാല്‍ അപേക്ഷകരില്‍ നിന്നും യാതൊരുവിധ പണപ്പിരിവും അനുവദിക്കരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷണര്‍ കര്‍ശന നിര്‍ദേശം നല്കി. അതേസമയം കോഴ്സിന്റെ ചെലവിനുള്ള തുക മാത്രമാണ് വാങ്ങിയതെന്നാണ് ട്രാക്ക് ഭാരവാഹികളുടെ വിശദീകരണം.