ഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്ന വിധിയെഴുതിത്തുടങ്ങിയതായി റിപ്പോർട്ട്. ഒൻപതംഗ ഭരണഘടനാ ബെഞ്ചിൽ വിധി എഴുതിത്തുടങ്ങിയ ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്നയെന്നാണ് റിപ്പോർട്ട്.
ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ജസ്റ്റിസ് ബി.വി. നാഗരത്ന ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിധി എഴുതിത്തുടങ്ങിയതായി റിപ്പോർട്ട് ചെയ്തത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട റഫറൻസിൽ 16 ദിവസം നീണ്ട വാദം കേട്ട ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ഹാജരായത്. ആചാരങ്ങളിൽ കോടതിയുടെ ഇടപെടൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന്റെ വാദം നിർണായകമാണ്. ലിംഗസമത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ സർക്കാരിന്റെ നിലപാടും ബെഞ്ച് പരിഗണിക്കും.
നിലവിൽ യുവതീപ്രവേശനത്തെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യാതെയാണ് സംസ്ഥാനം വാദങ്ങൾ എഴുതി നൽകിയിരിക്കുന്നത്. മതപരമായ ആചാരങ്ങളിൽ ഇടപെടാൻ കോടതികൾക്ക് പരിമിതികളുണ്ടെന്നും എന്നാൽ കോടതികൾക്ക് ഒരു അധികാരവുമില്ലെന്ന വാദം നിലനിൽക്കില്ലെന്നും ചീഫ് ജസ്റ്റിസ് വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.
വിശ്വാസികൾ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന വാദത്തിനിടെ ആവർത്തിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.