തിരുവനന്തപുരം: അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങളിൽ ഇടപെടലുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അട്ടപ്പാടിയിലേക്ക് അയക്കുമെന്നും സംഘം ഊരുകളിൽ ക്യാമ്പ് ചെയ്ത് പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ജന്മനാ ഹൃദയത്തിനും മറ്റ് അവയവങ്ങൾക്കുമുള്ള തകരാറുകൾ മൂലമാണ് കുട്ടികൾ മരിക്കുന്നതെന്ന വിലയിരുത്തലിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തുന്ന ഹൃദയരാഗം പദ്ധതി ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് നിയോജകമണ്ഡലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ്. പദ്ധതി വിജയകരമായാൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
പാലിയേറ്റീവ് പരിചരണം ആവശ്യമായ രോഗികളെയും പദ്ധതിയുമായി ബന്ധിപ്പിക്കും. സംസ്ഥാനത്ത് പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള മുഴുവൻ രോഗികളെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി