കൊച്ചി: വയനാട് വാഴവറ്റയിലെ വീട്ടില്‍ അളവില്‍ കവിഞ്ഞ മദ്യം കൈവശം വെച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍. എക്‌സൈസ് എസി ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം കൊച്ചിയിലെ ഓഫീസില്‍ എത്തിയായിരുന്നു അറസറ്റ്.
ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒരാള്‍ക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുള്ള മദ്യശേഖരവുമാണ് വാഴവറ്റയിലെ വീട്ടില്‍ കണ്ടെത്തിയത്. 43 ലിറ്റര്‍ വിദേശമദ്യം, ഏഴ് ലിറ്റര്‍ വിദേശ വൈന്‍, 13 ലിറ്റര്‍ വീട്ടിലുണ്ടാക്കിയ വൈന്‍, കൂടാതെ മറ്റൊരു മുറിയില്‍ നിന്ന് ഇന്ത്യയില്‍ വില്‍പനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.
10 വര്‍ഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ് കുറ്റം ചുമത്തിയിരിക്കുന്നത്. അനധികൃത മദ്യ വില്പനയോ, അനധികൃതമായി വില്‍പനടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റങ്ങള്‍ വരുന്ന അബ്കാരി ആക്ടിലെ വകുപ്പുകളാണ് ചുമത്തിയത്. എഫ്‌ഐആര്‍ കാണിക്കാതെ അറസ്റ്റിനു വഴങ്ങില്ല എന്ന ആന്റോയുടെ നിലപാടിനെ തുടര്‍ന്ന് നാടകീയരംഗങ്ങള്‍ക്കും സാക്ഷിയായി. ഡിജിറ്റല്‍ കോപ്പി കാണിച്ചെങ്കിലും ഹാര്‍ഡ് കോപ്പി വേണമെന്ന് ആന്റോ പറഞ്ഞു. തുടര്‍ന്ന് പെരുമ്പാവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ ആണ് എഫ്‌ഐആര്‍ കോപ്പിയുമായി എത്തിയത്.
മെസിയുടെ പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എസ്‌ഐടി സംഘം നടത്തിയ റെയ്ഡ് അവസാനിപ്പിച്ചതിന് പിന്നാലെയാണ് എക്‌സൈസ് സംഘം ഓഫീസില്‍ എത്തിയത്. 20 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ എസ്‌ഐടി നിരവധി രേഖകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. മെമ്മറി കാര്‍ഡുകളും കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും 6300 അമേരിക്കന്‍ ഡോളറും കണ്ടെടുത്തു.
അളവില്‍ കവിഞ്ഞ മദ്യം വീട്ടില്‍ സൂക്ഷിച്ചു: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അറസ്റ്റു ചെയ്തു