ഇ.ഡിയ്ക്ക് എതിരേ ശശിധരന്‍ കര്‍ത്തയും ; മൊഴി നല്‍കാന്‍ ബലപ്രയോഗം നടത്തിയെന്ന് സിഎംആര്‍എല്‍ എം.ഡി.

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സത്യവാങ്മൂലം നല്‍കി സിഎംആര്‍എല്‍ എം.ഡി. ശശിധരന്‍ കര്‍ത്തയും. തന്നെ ആശുപത്രിയില്‍ കിടക്കയില്‍ വെച്ചാണ് ചോദ്യം ചെയ്തതെന്നും ബലം പ്രയോഗിച്ചെന്നും പറഞ്ഞു. മൊഴി പകര്‍പ്പില്‍, ഇഡി ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്നും ആരോപിച്ചു.
സേവനമില്ലാതെ, ടി വീണയ്ക്ക് പണം നല്‍കിയെന്ന് ശശിധരന്‍ കര്‍ത്ത സമ്മതിച്ചെന്നാണ് ഇഡി വാദം. ഇത് അടക്കം തള്ളുന്നതാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലം. 2024 ല്‍ എടുത്ത മൊഴി പിന്‍വലിക്കണമെന്ന് ശശിധരന്‍കര്‍ത്ത ആവശ്യപ്പെട്ടു. രോഗാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കയില്‍ ഉള്ള തന്നെ ഇഡി മാനസിക മായി പീഡിപ്പിച്ചെന്നും ആരോപിച്ചു. 2024 ഏപ്രിലിലാണ് സിഎംആര്‍എല്‍ ഉന്നതരെ അടക്കം ഇ.ഡി. ചോദ്യം ചെയ്യലിന് ഇരയാക്കിയത്.
ആരോഗ്യപ്രശ്‌നങ്ങളില്‍ മണിക്കൂറോളം ചോദ്യം ചെയ്തു. മാനസീക സമ്മര്‍ദ്ദം നേരിട്ടു. പി. സുരേഷ്‌കുമാറിന്റെയും എ സുരേഷ്‌കുമാറിന്റെയും മൊഴി തനിക്കറിയില്ലായിരുന്നു. നിര്‍ബ്ബന്ധപൂര്‍വ്വം ഒപ്പുവെപ്പിച്ചു. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ മൊഴി എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നു. 2024ല്‍ സഹോദരന്‍ വഴിയായിരുന്നു ശശിധരന്‍ കര്‍ത്ത മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഇതോടെ മൊഴി പിന്‍വലിക്കാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം മൂന്നായി. നേരത്തെ സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ സുരേഷ്‌കുമാര്‍, പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് എന്നിവരും മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. നേതാക്കളുടെ പേരു പറയാന്‍ ഇഡി ഭീഷണിപ്പെടുത്തി എന്നാണ് ഹസന്‍വാരീസ് ആരോപിച്ചത്. ഇഡി പക്ഷേ ഈ വാദം അംഗീകരിച്ചിട്ടില്ല. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ ഡി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *