ആണവായുധങ്ങൾ നി‌ർമിക്കാൻ പട്ടണങ്ങളുണ്ടാക്കി ചൈന; 2000 അടിയുള്ള ട്യൂബിനുള്ളിൽ സ്‌ഫോടന പരീക്ഷണം

ബീജിംഗ്: ചൈന തങ്ങളുടെ ആണവായുധ ശേഖരം വൻതോതിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. അടുത്ത മാസങ്ങളിൽ ഏഴ് ആണവ പരീക്ഷണ – നിർമ്മാണ സൗകര്യങ്ങളാണ് പുതിയതായി നിർമിച്ചത്. ചൈനീസ് ഗ്രാമപ്രദേശങ്ങൾ പരീക്ഷണ കേന്ദ്രങ്ങളുടെ വലിയ ശൃംഖലകളാൽ നിറഞ്ഞിരിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഒരു ആണവ കേന്ദ്രത്തിന് ചുറ്റും ഒരു പട്ടണംതന്നെ ഉയർന്നുവന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇവിടെ അപ്പാർട്ടുമെന്റുകൾ, ബസ് ഡിപ്പോ, കളിസ്ഥലങ്ങൾ എന്നിവയുള്ളതായി ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. മറ്റൊരു സ്ഥലത്ത് 2000 അടി നീളമുള്ള ഒരു ട്യൂബ് ഉണ്ട്. ഇതിനുള്ളിൽ ആണവായുധങ്ങ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മറ്റൊരിടത്ത് ഉയർന്ന് ടെക്-ലേസറുകളുപയോഗിച്ച് ആണവ സ്ഫോടനങ്ങളു‌ടെ ആഘാത പഠനങ്ങൾ നടത്തുന്നതായും വിവരമുണ്ട്.

2025 ജനുവരിയിലെ കണക്കുകൾ പ്രകാരം ചൈനയുടെ പക്കൽ 620 ആണവായുധശേഖരങ്ങളാണുള്ളത്. ഇത് 2035 ഓടെ 1500ൽ അധികമാകുമെന്നാണ് വിലയിരുത്തൽ. ഇതിൽ പലതിനും 15,000 കിലോമീറ്റർ വരെ ലക്ഷ്യം കാണാൻ സാധിക്കും. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങളുള്ളത് അമേരിക്കയുടെയും റഷ്യയുടെയും പക്കലാണ്. അമേരിക്കയുടെ പക്കൽ 5300ഉം റഷ്യയുടെ പക്കൽ 5500മാണുള്ളത്. കര, അന്തർവാഹിനി, വിമാനം എന്നിവയിൽ നിന്ന് ആക്രമിക്കാൻ സാധിക്കുന്ന ആണവായുധങ്ങൾ ചൈനയുടെ പക്കലുണ്ട്. 2024ൽ ആണവായുധ നിർമാണത്തിനും പരീക്ഷണങ്ങൾക്കുമായി 12.4 ബില്യൺ ഡോളറാണ് ചൈന ചെലവാക്കിയതെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *