വ്യവസായി വീരമണിയുടെ പോക്സോ കേസ് ഡി‌എംകെയ്ക്ക് വിനയാകുമോ? വീരമണിയുടെ സഹായിയും പിടിയിൽ

ന്യൂഡൽഹി: പ്രമുഖ ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരെയുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ വിവാദമാകുന്നു. വീരമണിക്കെതിരെയുള്ള പോക്സോ കേസ് ഡിഎംകെ ഭരണകാലത്ത് എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് എംകെ സ്റ്റാലിൻ വ്യക്തമാക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടു. അന്വേഷണം ദുർബലപ്പെടുത്താൻ അനുവാദം നൽകിയെന്നും അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് എന്തിനാണെന്നും പാർട്ടി ചോദ്യം ചെയ്തു.

പോക്സോ കേസിൽ ജയിലിൽ കഴിയുന്ന പ്രമുഖ ഗ്രാനൈറ്റ് വ്യവസായിയും ജെം ഗ്രാനൈറ്റ്സ് മേധാവിയുമായ വീരമണിയുടെ ദീർഘകാല സഹായിയായ ഗണേശനെ പോക്സോ കേസിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തതോടെയാണ് രാഷ്ട്രീയ രംഗത്തും ഇത് വലിയ ചർച്ചയായത്. ഈ കേസിൽ അറസ്റ്റിലാകുന്ന നാലാം പ്രതിയാണ് ഗണേശൻ. വീരമണിയുടെ ജെം ഗ്രാനൈറ്റ്സിൽ 23 വർഷം ജോലി ചെയ്തിട്ടുള്ള ഇയാൾ, നിലവിൽ ബാലാജി ഗ്ലോബൽ എന്റർപ്രൈസസിലാണ് ജോലി ചെയ്യുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പമുള്ള വീരമണിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പുകൾ ഗണേശന്റെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. എന്നാൽ ഈ ദൃശ്യങ്ങളെക്കുറിച്ച് ഇയാൾ അധികാരികളെ വിവരമറിയിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഗണേശന് ഈ വീഡിയോ ക്ലിപ്പുകൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും, പൊലീസിനെ അറിയിക്കാതെ ഇയാൾ എന്തുകൊണ്ട് അവ കൈവശം വെച്ചു എന്നതിനെക്കുറിച്ചും സിസിബി അന്വേഷണം നടത്തിവരികയാണ്. കൂടാതെ, ഫോണിൽ നിന്ന് എന്തെങ്കിലും ഡാറ്റ ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഇയാളുടെ മൊബൈൽ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ആന്റി-വൈസ് സ്ക്വാഡ് (എവി‌എസ്) കേസെടുത്തതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് 29-നാണ് വീരമണിയും മറ്റ് രണ്ട് കൂട്ടാളികളും അറസ്റ്റിലായത്. തുടർന്ന് മൂന്ന് പ്രതികളെയും പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീരമണി ലൈംഗികമായി പീഡിപ്പിക്കുന്നതായി കാണിക്കുന്ന വീഡിയോ ക്ലിപ്പ് അടങ്ങിയ ഒരു യുഎസ്ബി ഡ്രൈവ് ലഭിച്ചതിനെ തുടർന്നാണ് കേസ് പുറത്തുവന്നത്. 2019-ൽ ഈ അതിക്രമം നടക്കുമ്പോൾ ഇരയായ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. വീരമണിക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി ഈ വീഡിയോയും പരിശോധിച്ചിരുന്നു. അതേസമയം, കേസ് അട്ടിമറിക്കാൻ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന സംശയത്തെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബാങ്ക് ഇടപാടുകളും ഇതിനായി ഇടനിലക്കാർ പ്രവർത്തിച്ചിട്ടുണ്ടോ എന്നതുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *