തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം. ഡി.ജി.പി. യോഗേഷ് ഗുപ്തയ്ക്കാണ് അന്വേഷണച്ചുമതല. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി എം.ആര്‍. അജിത് കുമാര്‍ സര്‍ക്കാരിനെ സമീപിച്ച സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
നവകേരള യാത്രയ്ക്കിടയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലിലാണ് അന്വേഷണം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ കറുത്ത കൊടിയുമായി പ്രതിഷേധിച്ചവരെ സുരക്ഷാ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.
കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വിളിപ്പിച്ച് കേസ് ഡയറിയില്‍ കൃത്രിമം കാട്ടിയെന്നും രേഖകള്‍ തിരുത്തിയെന്നുമുള്ള മൊഴികള്‍ പുറത്തുവന്നിരുന്നു. ഗ്രേഡ് എസ്.ഐ.മാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് ആഭ്യന്തര വകുപ്പ് ഇടപെടുകയും അജിത് കുമാറില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും, സസ്‌പെന്‍ഷന്‍ മൂന്ന് മാസം പിന്നിട്ടതായും മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര വകുപ്പിനും നല്‍കിയ നിവേദനത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സര്‍വീസ് കാലാവധി അവസാനിക്കാറായതിനാല്‍ ബാക്കി സമയം കണക്കിലെടുത്ത് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി തിരികെ പ്രവേശനം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.