വാഷിംഗ്ടൺ: ഭാര്യ മരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് മൃതദേഹം കഷണങ്ങളാക്കി എന്ന് ഒരു ഇന്ത്യൻ വംശജൻ അമേരിക്കയിലെ വിർജീനിയ കോടതിയിൽ സാക്ഷ്യപ്പെടുത്തി. ഗുളികകളും വിഷാംശമുള്ള കീടനാശിനിയും കഴിച്ച നിലയിൽ കട്ടിലിനടുത്ത് ഛർദ്ദിലിന് നടുവിൽ ബോധരഹിതയായി കിടക്കുന്നതാണ് കണ്ടതെന്നും ഭാര്യ മംത കഫ്ലെ ഭട്ട് ആത്മഹത്യ ചെയ്തതാണെന്നും പ്രതി നരേഷ് ഭട്ട് കോടതിയിൽ പറഞ്ഞു.
2024-ൽ 28 കാരിയായ ഭാര്യയെ കാണാതായതുമായും കൊലപാതകവുമായും ബന്ധപ്പെട്ട്, കൊലപാതകം, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, മൃതദേഹം ഒളിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഭട്ടിനെതിരെ ചുമത്തിയിരിക്കുന്നത്. 2024 ജൂലൈ 29-ന് വീഡിയോ കോളിലാണ് മംതയെ അവസാനമായി കണ്ടത്. എന്നാൽ താൻ കുറ്റക്കാരനല്ലെന്ന് ഭട്ട് കോടതിയിൽ വാദിച്ചു. ഭാര്യയ്ക്ക് സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെന്നും, ശേഷമാണ് മൃതദേഹം മുറിക്കാൻ വാൾ ഉപയോഗിച്ചതെന്നും ഇയാൾ പറഞ്ഞു. ഇതിനുശേഷം സ്വന്തം ജീവനൊടുക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നതായി ഭട്ട് അവകാശപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഭാര്യയെ ബോധരഹിതയായി കണ്ടപ്പോൾ എന്തുകൊണ്ട് 911 (എമർജൻസി നമ്പർ) വിളിച്ചില്ല എന്ന് ചോദിച്ചപ്പോൾ, "എന്തുകൊണ്ടാണ് ഞാൻ അപ്രകാരം ചെയ്യാതിരുന്നതെന്ന് എനിക്കറിയില്ല. ഞാൻ വിളിക്കാൻ ശ്രമിച്ചു. ഞാൻ ശരിക്കും ഭയന്നുപോയി… എന്നെ എന്തോ കീഴടക്കിയത് പോലെയായിരുന്നു. ഞാൻ വളരെ പരിഭ്രാന്തനായിരുന്നു," ഭട്ട് പറഞ്ഞു.
2024 ജൂലൈ 29-ന് രാത്രി 8 മണിയോടെ താൻ കുഞ്ഞുമകളുമായി ഉറങ്ങാൻ കിടന്നുവെന്നും ഭാര്യ മുകളിലത്തെ നിലയിലേക്ക് വരുന്നത് കേട്ടില്ലെന്നും ഭട്ട് കോടതിയിൽ പറഞ്ഞു. പിറ്റേന്ന് പുലർച്ചെ 4 മണിയോടെ ബാത്ത്റൂമിൽ പോകാൻ എഴുന്നേറ്റപ്പോഴാണ് കട്ടിലിന്റെ കാൽക്കൽ മംത മലർന്നുകിടക്കുന്നത് കണ്ടതെന്ന് ഇയാൾ അവകാശപ്പെട്ടു. ഗുളികകൾ നിറഞ്ഞ ഛർദ്ദിലിന് നടുവിലാണ് മംത കിടന്നിരുന്നത്. മാരകമായ വിഷാംശമുള്ള സെൽഫോസ് (Celphos) എന്ന കീടനാശിനിയുടെ പാക്കറ്റ് അവർക്ക് സമീപം കിടന്നിരുന്നതായും ഇയാൾ അവകാശപ്പെട്ടു.
ഒരു മണിക്കൂറോളം താൻ ഭാര്യയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചു. അവർ മരിച്ചുവെന്ന് ഉറപ്പായപ്പോൾ മൃതദേഹം കുളിമുറിയിലേക്ക് മാറ്റി. അവർ മരിച്ചുവെന്ന് ഉറപ്പായപ്പോൾ മൃതദേഹം ഒളിപ്പിക്കാനും തുടർന്ന് ജീവനൊടുക്കാനും തീരുമാനിച്ചതായി ഇയാൾ പറഞ്ഞു. ഭാര്യയുടെ മൃതദേഹം പൊട്ടോമാക് നദിയിലേക്ക് എറിയാനാണ് ആദ്യം ചിന്തിച്ചതെന്നും, എന്നാൽ പിന്നീട് "മൃതദേഹം ഒളിപ്പിക്കാൻ എന്തെങ്കിലും തിരയുന്നതിനായി" ഹോം ഡിപ്പോയിലേക്ക് പോയെന്നും ഭട്ട് അവകാശപ്പെട്ടു. തൂങ്ങിമരിക്കാൻ തയ്യാറെടുത്തെങ്കിലും അത് ചെയ്തില്ല എന്ന് നരേഷ് ഭട്ട് പറഞ്ഞു. "ഞാൻ വയർ കേബിളും മറ്റും വാങ്ങി, പക്ഷെ ഞാൻ അത് ചെയ്തില്ല," അദ്ദേഹം പറഞ്ഞു.
മംതയുടെ ശരീരം മുഴുവനായി ചവറ്റുകുട്ടയിൽ ഇടാനാണ് താൻ തീരുമാനിച്ചതെന്നും എന്നാൽ അത് കൊള്ളാത്തതിനാൽ വാൾ ഉപയോഗിച്ച് മുറിക്കുകയായിരുന്നുവെന്നും ഭട്ട് പറഞ്ഞു. "അവളുടെ ശരീരം വേർപെടുത്താൻ ശ്രമിച്ചു… ശരീരത്തിൽ നിന്ന് കാലുകൾ വേർപെടുത്താൻ," കോടതിയിൽ ഭട്ട് പറഞ്ഞു. എന്നാൽ മൃതദേഹം പൂർണ്ണമായി വെട്ടിമാറ്റാൻ തനിക്ക് കഴിഞ്ഞില്ലെന്ന് ഇയാൾ കൂട്ടിച്ചേർത്തു. വീട്ടിലെ ബാത്ത്റൂമിൽ വെച്ചാണ് വാൾ ഉപയോഗിച്ച് മൃതദേഹം മുറിക്കാൻ ശ്രമിച്ചതെന്ന് ഭട്ട് സമ്മതിച്ചു. മംതയുടെ മൃതദേഹം ഒന്നിലധികം ഗാർബേജ് ബാഗുകളിലാക്കി ചവറ്റുകുട്ടയിൽ എറിഞ്ഞതായും ഇയാൾ സമ്മതിച്ചു.
ഭാര്യയുടെ മൃതദേഹം കാണാതായി രണ്ട് വർഷത്തിലേറെയായിട്ടും കേസിന്റെ വിചാരണ അഞ്ച് ആഴ്ച പിന്നിടുമ്പോഴാണ് ഈ ഞെട്ടിക്കുന്ന വാദം പുറത്തുവരുന്നത്. ഓഗസ്റ്റ് 5-ന് ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് മംതയെ കാണാനില്ലെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. ഭാര്യയെ കാണാതായിട്ടില്ലെന്ന് ഭട്ട് ആദ്യം പോലീസിനോട് പറഞ്ഞെങ്കിലും പിന്നീട് കാണാതായതായി പരാതി നൽകുകയായിരുന്നു. ദമ്പതികളുടെ കിടപ്പുമുറിയിലും കുളിമുറിയിലും രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് 2024 ഓഗസ്റ്റ് 22-നാണ് ഭട്ട് അറസ്റ്റിലായത്. അന്വേഷണത്തിനിടെ മുടിയുടെ ഭാഗങ്ങളുള്ള പവർ സോ (വാൾ) പോലീസ് കണ്ടെത്തിയിരുന്നു.
ഭട്ട് നേരിടുന്ന മൂന്ന് കുറ്റങ്ങളിൽ ഒന്നാം ഡിഗ്രി കൊലപാതകമാണ് ഏറ്റവും ഗുരുതരമായതും ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റം. എന്നാൽ മൃതദേഹം ഒളിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ എന്നീ മറ്റ് രണ്ട് കുറ്റങ്ങൾക്ക് പരമാവധി അഞ്ച് വർഷം വരെ മാത്രമാണ് തടവുശിക്ഷ ലഭിക്കുക. കുറ്റസമ്മതം നടത്തുന്നതിലൂടെ, തന്റെ ശിക്ഷ കുറയ്ക്കാനാണ് ഭട്ട് ശ്രമിക്കുന്നത്.