ഇടുക്കിയിൽ ചക്കക്കൊമ്പന്റെ ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

ഇടുക്കി: കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. പണിസ്ഥലത്തെ ഷെഡിൽ നിന്ന് രാവിലെ വീട്ടിലേക്ക് വരുംവഴി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ മൂന്നുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചിരുന്നു. മണ്ണാർക്കാട് സ്വദേശിയായ ബുഷാരയാണ് (52) മരിച്ചത്. തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദ സഞ്ചാരികളെയാണ് ആന ആക്രമിച്ചത്.

വനപാലകർ അപായ മുന്നറിയിപ്പ് നൽകിയിട്ടും ആനയെ കാണാനായി ഇവർ പുഴയിൽ നിന്ന് മാറാതെ സാഹസം കാട്ടിയതാണ് ഒരാളുടെ ജീവൻ നഷ്‌ടമാകുന്നതിലേക്ക് വഴിവച്ചത്. ആനയുടെ ആക്രമണത്തിൽ ഒരു വിരൽ ഉൾപ്പെടെ അറ്റുപോയ ബുഷാരയെ ഗുരുതര പരിക്കുകളോടെ താവളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *