ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് ഒക്ടോബർ 31ന് വിരമിക്കുന്നതോടെയാണ് ദീക്ഷിത് ചുമതലയേൽക്കുക. 2028 ഡിസംബർ 31 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. രാഷ്ട്രപതിയുടെ അനുമതിയോടെയാണ് നിയമനം സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എൽ.സി.എ. തേജസ് അടക്കമുള്ള യുദ്ധവിമാന പദ്ധതികളുമായി ദീക്ഷിതിന് അടുത്ത ബന്ധമുണ്ട്. ഇവ വ്യോമസേനയുടെ ഭാഗമാക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. പ്രതിരോധ രംഗത്ത് രാജ്യത്തെ കൂടുതൽ സ്വയംപര്യാപ്തമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതികൾക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.
1986 ഡിസംബർ 6നാണ് ദീക്ഷിത് ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. നാഷണൽ ഡിഫൻസ് അക്കാഡമി, ബംഗ്ലാദേശിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. 3,500 മണിക്കൂറിലേറെ പറക്കൽ പരിചയമുള്ള ദീക്ഷിത്, മിറാഷ് 2000, വിവിധ മിഗ് വിമാനങ്ങൾ, എച്ച്.പി.ടി32, എ.എൻ32, അവ്രോ, കിരൺ, ജാഗ്വാർ, ഐ.എൽ78, ഹോക്ക്, തേജസ് തുടങ്ങിയ വിമാനങ്ങൾ പറത്തിയിട്ടുണ്ട്.
എക്സ്പിരിമെന്റൽ ടെസ്റ്റ് പൈലറ്റായും ക്വാളിഫൈഡ് ഫ്‌ളൈയിംഗ് ഇൻസ്ട്രക്ടറായും പ്രവർത്തിച്ചു. ഏകദേശം നാല് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ നിരവധി സൈനിക ഓപ്പറേഷനുകളിലും അഭ്യാസങ്ങളിലും ദീക്ഷിത് പങ്കെടുത്തു. ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക്, കോപ് ഇന്ത്യ, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ ദൗത്യങ്ങളിലും അഭ്യാസങ്ങളിലും അദ്ദേഹം സജീവമായിരുന്നു. പി.വി.എസ്.എം, എ.വി.എസ്.എം, വി.എം, വി.എസ്.എം എന്നീ സൈനിക ബഹുമതികൾ ദീക്ഷിതിന് ലഭിച്ചിട്ടുണ്ട്.