വാഷിംഗ്ടൺ: ഇന്ത്യയും ചൈനയുമടക്കം വിവിധ രാജ്യങ്ങൾക്കുമേൽ വീണ്ടും വമ്പൻ ഇറക്കുമതി തീരുവ ചുമത്താനൊരുങ്ങി അമേരിക്ക. ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങൾ എന്നിവയ്ക്കുമേലാണ് ഇറക്കുമതി തീരുവ ചുമത്താൻ ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിലെ ആഭ്യന്തര വ്യവസായങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണയും സബ്സിഡികളും മറ്റും കാരണം അമേരിക്കൻ കമ്പനികൾക്ക് വലിയ വരുമാനകുറവുണ്ടായെന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. ദി വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
സബ്സിഡിയും ആനുകൂല്യങ്ങളും നൽകുക വഴി ചില രാജ്യങ്ങളിൽ ആഭ്യന്തര ഉൽപാദനം അമിതമായ നിലയിലാണെന്നാണ് അമേരിക്കയുടെ പരിഭവം. ഇതുവഴി അതാത് രാജ്യങ്ങളിലെ കമ്പനികൾക്ക് കുറഞ്ഞവിലയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാൻ സാധിക്കുന്നു. ഇത് അമേരിക്കൻ കമ്പനികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. തീരുവ ഉയർത്തുന്നതോടെ പല രാജ്യങ്ങളിൽ നിന്നും ഇറക്കുമതിയെ ബാധിക്കും.
ഇന്ത്യയിൽ എത്രത്തോളം തീരുവ അടിച്ചേൽപ്പിക്കും എന്നത് വ്യക്തമല്ല. എന്നാൽ 2025ൽ പ്രഖ്യാപിച്ചതിന് സമാനമായ നിരക്കാകും വരികയെന്നാണ് സൂചന. ഈ നിരക്കുകൾ 2026 ഫെബ്രുവരിയിൽ അമേരിക്കൻ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ജപ്പാനും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും മുൻപ് ചർച്ച നടത്തി ധാരണയായ പോലെ 15 ശതമാനമോ അതിൽ താഴെയോ ആകാം തീരുവ നിരക്ക്. എന്നാൽ ഇന്ത്യയ്ക്കും വിയറ്റ്നാമിനും നേരെ കടുത്ത തീരുവ ഏർപ്പെടുത്തും.
അതേസമയം സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ ഇവയ്ക്കും ചില വ്യവസായ ഉൽപ്പന്നങ്ങൾക്കും ഈ തീരുവ വർദ്ധന ഉണ്ടായേക്കില്ല. ഇവയുടെ തീരുവ നേരത്തെ പ്രത്യേകം ഏർപ്പെടുത്തിയതായതിനാലാണിത്. തീരുവ വർദ്ധനയിൽ ഏറ്റവും തിരിച്ചടി ഇന്ത്യയെക്കാൾ ചൈനക്കാകും. ചൈനയിൽ ആഭ്യന്തര ഉൽപാദനത്തിന് സർക്കാർ സബ്സിഡി വ്യാപകമാണ്. ഇത് ആഗോളതലത്തിൽ പ്രശ്നമാണെന്നാണ് അമേരിക്കൻ നിലപാട്. എൻവിഡിയ വിവാദം കത്തിനിൽക്കെയാണ് ചൈനയ്ക്കടക്കം തീരുവ അമേരിക്ക വർദ്ധിപ്പിക്കുന്നത്. എൻവിഡിയ കമ്പനിയുടെ അത്യാധുനിക ചിപ്പുകൾ ചൈനയിലേക്ക് കടത്തി എന്ന ആരോപണമാണ് നിലനിൽക്കുന്നത്. ഈ ഘട്ടത്തിൽ ട്രംപ് ഭരണകൂടത്തിന്റെ തീരുവ വർദ്ധന ആലോചന ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.