അഹമ്മദാബാദ്: അഹമ്മദാബാദിലെ നവരാത്രി ആഘോഷങ്ങളിൽ 'ജെൻ സി' യുവാക്കൾക്കിടയിൽ ഒരു പുതിയ വെൽനസ് തരംഗം ശ്രദ്ധ നേടുന്നു. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കിടയിൽ ഊർജ്ജസ്വലത നിലനിർത്താനും ചർമ്മത്തിന് തിളക്കം ലഭിക്കാനുമായി ചില യുവാക്കൾ 'ഐ.വി ഡ്രിപ്പ് തെറാപ്പി' തിരഞ്ഞെടുക്കുകയാണ്. ദീർഘനേരം നീളുന്ന ഗർബ നൃത്തങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ സൗന്ദര്യം, ആരോഗ്യം, കായികക്ഷമത എന്നിവയ്ക്ക് മുൻഗണന നൽകുന്ന രീതിയാണ് ഇത്.
ഐ.വി തെറാപ്പിയുടെ ഘടനയ്ക്കും ക്ലിനിക്കിനും അനുസരിച്ച് ഇതിന്റെ നിരക്കുകളിൽ വ്യത്യാസമുണ്ട്. ഒരു സെഷന് ഏകദേശം 4,000 രൂപ മുതൽ 10,000 രൂപ വരെ ചിലവ് വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്ന് സെഷനുകൾ അടങ്ങിയ ചില പാക്കേജുകൾക്ക് 12,000 രൂപ മുതൽ 15,000 രൂപ വരെയാണ് വില.
റിപ്പോർട്ടുകൾ പ്രകാരം, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള കഠിനമായ ദിനചര്യകളിൽ ശരീരത്തിൽ ജലാംശം നിലനിർത്താനും, തക്ഷണം ക്ഷീണം മാറ്റാനും, മുഖത്തിന് പുതിയ പ്രസരിപ്പ് നൽകാനുമുള്ള വഴിയായാണ് അഹമ്മദാബാദിലെ ചെറുപ്പക്കാർ ഐ.വി ഡ്രിപ്പ് തെറാപ്പിയെ കാണുന്നത്. ഈ ചികിത്സാരീതിയിൽ ഞരമ്പുകളിലൂടെ നേരിട്ട് ദ്രാവകങ്ങളും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും രക്തത്തിലേക്ക് കടത്തിവിടുന്നു.
ഐ.വി (ഇൻട്രാവെനസ്) തെറാപ്പി എന്നത് ദ്രാവകങ്ങളും തിരഞ്ഞെടുക്കപ്പെട്ട പോഷകങ്ങളും നേരിട്ട് ഞരമ്പുകളിലേക്ക് നൽകുന്ന രീതിയാണ്. വെൽനസ്, ബ്യൂട്ടി ക്ലിനിക്കുകൾ ഇതിനായി മൾട്ടിവൈറ്റമിനുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി, സിങ്ക്, മഗ്നീഷ്യം, ഗ്ലൂട്ടത്തയോൺ തുടങ്ങിയ ചേരുവകൾ അടങ്ങിയ വിവിധ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ശരീരത്തിന് ജലാംശം നൽകുന്നതിനും, ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും, ചർമ്മത്തിന്റെ സംരക്ഷണത്തിനുമായാണ് ഇവ വിപണനം ചെയ്യുന്നത്.
തുടർച്ചയായി ദിവസങ്ങളോളം ഗർബയിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന ചെറുപ്പക്കാരാണ് പുതിയ വെൽനസ് രീതി സ്വീകരിക്കുന്നത്. അഹമ്മദാബാദിലെ നവരാത്രി ആഘോഷങ്ങളിൽ മണിക്കൂറുകളോളം നീളുന്ന തുടർച്ചയായ നൃത്തം, പ്രത്യേക വസ്ത്രധാരണങ്ങൾ, മേക്കപ്പ് എന്നിവ ഉൾപ്പെടുന്നു. ആഘോഷങ്ങളിലുടനീളം പ്രസരിപ്പോടെ ഇരിക്കുക എന്നതിന് പ്രാധാന്യം ഏറിയതോടെയാണ് പരമ്പരാഗത ചർമ്മ സംരക്ഷണ മാർഗ്ഗങ്ങൾക്കും മേക്കപ്പിനുമപ്പുറം ഇത്തരം ചികിത്സകളിലേക്ക് ചില ചെറുപ്പക്കാർ തിരിയുന്നത്. വൈകിയുള്ള ഉറക്കവും ഊർജ്ജസ്വലതയ്ക്കായുള്ള തിരച്ചിലിനു കാരണമാവുന്നു.
അതേസമയം, ഐ.വി തെറാപ്പി ഒരു സൗന്ദര്യ-വെൽനസ് ചികിത്സയായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, കൃത്യമായ വൈദ്യപരിശോധന ഇതിന് അത്യാവശ്യമാണ്. ഇത്തരം ചികിത്സകൾ എല്ലാവർക്കും ഒരുപോലെ അനുയോജ്യമല്ലെന്നും സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ കണ്ട് മാത്രം ഇവ ചെയ്യരുതെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.