ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധ രംഗത്ത് ശക്തമായ സാന്നിദ്ധ്യമായ മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനമാണ് പിനാക. 44 സെക്കന്റുകൾ കൊണ്ട് 12 റോക്കറ്റുകൾ വരെ ശത്രുക്കൾക്ക് നേരെ പ്രയോഗിക്കാവുന്ന പിനാകയ്‌ക്കായി വിവിധ രാജ്യങ്ങൾ രംഗത്തുണ്ട്.
ഡിസംബർ മാസത്തോടെ പിനാകയ്‌ക്കായി കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന് കമ്പനികളാണ് പിനാകയുടെ നിർമ്മാണത്തിൽ പങ്കാളികളാകുന്നത്. പൊതുമേഖലാ സ്ഥാപനമായ മ്യൂണിഷ്യൻസ് ഇന്ത്യ ലിമിറ്റഡ്, സോളാർ ഇൻഡസ്‌ട്രീസ് ഇന്ത്യ, ഭാരത് ഫോർജ് എന്നിവയാണ് അവ. അപ്പോളോ മൈക്രോ സിസ്റ്റംസും വിതരണത്തിന് തയ്യാറായി വന്നിട്ടുണ്ട്.
ആകെ 4000 പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനങ്ങൾക്ക് ഓർഡർ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിൽ 2000 യൂണിറ്റ് അർമേനിയയ്ക്ക് കയറ്റുമതി ചെയ്യാനുള്ള ഓർഡറുകളാണ്. 2000 എണ്ണമാകട്ടെ കരസേനയ്‌ക്ക് വേണ്ടിയാണ്. കരസേനയ്ക്ക് വേണ്ടി കമ്പനികളോട് വിലവിവരങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുമായി കമ്പനി അധികൃതർ ചർച്ചകളിലാണ്.
എന്നാൽ കരാർ വിവരങ്ങൾ അന്തിമമാകും വരെ ആരാകും ഈ റോക്കറ്റ് ലോഞ്ചർ സംവിധാനം നിർമ്മിക്കുക എന്നോ എത്രയെണ്ണമാണ് നിർമ്മിക്കുക എന്ന വിവരങ്ങൾ ലഭ്യമല്ല. മോഡുലാർ ലോഞ്ചറുകളാണ് ഈ സംവിധാനത്തിലുള്ളത്. അതിനർത്ഥം പലതരത്തിലുള്ള റോക്കറ്റുകളും ഇതിൽ നിന്ന് ലോഞ്ച് ചെയ്യാനാകും. പ്രതിരോധ മേഖലയിൽ ശക്തമായ സാന്നിദ്ധ്യമായി സ്വകാര്യ കമ്പനികളും എത്തുന്നു എന്നതാണ് നിലവിൽ ശ്രദ്ധേയമായ കാര്യം.