വാഷിംഗ്ടൺ: ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയെന്നും ഭയം കാരണം മൃതദേഹം ഒളിപ്പിച്ചെന്നുമുള്ള ഭർത്താവിന്റെ മൊഴി അമേരിക്കൻ കോടതിയിൽ നാടകീയ രംഗങ്ങൾക്കിടയാക്കി. ഭാര്യയുടെ മൃതദേഹം വെട്ടിനുറുക്കി വീടിന് സമീപത്തെ മാലിന്യപ്പെട്ടികളിൽ നിക്ഷേപിച്ചതായാണ് പ്രതി വിചാരണയ്ക്കിടെ മൊഴി നൽകിയത്. എന്നാൽ ഭാര്യയെ കൊലപ്പെടുത്തിയെന്ന പ്രോസിക്യൂഷന്റെ ആരോപണം ഇയാൾ നിഷേധിച്ചു.
അമേരിക്കയിലെ വിർജീനിയയിലെ മനാസസ് പാർക്കിൽ രണ്ട് വർഷത്തിലേറെയായി കാണാതായ നേപ്പാൾ സ്വദേശിനി മംത കാഫ്ളെയുടെ തിരോധാനവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിലാണ് ഇന്ത്യൻ വംശജനായ ഭർത്താവ് നരേഷ് ഭട്ട് നിർണായക മൊഴി നൽകിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി നശിപ്പിച്ചെന്നാണ് ഇയാൾക്കെതിരായ കേസ്. മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
2024 ജൂലായ് 29ന് രാത്രി കുഞ്ഞിനൊപ്പം മറ്റൊരു മുറിയിലാണ് ഉറങ്ങിയതെന്ന് ഭട്ട് പറഞ്ഞു. പിറ്റേന്ന് പുലർച്ചെ നാലോടെ കുഞ്ഞിനെ നോക്കുന്നതിനിടെ കിടപ്പുമുറിയിലേക്ക് പോയി. അപ്പോൾ ഭാര്യ മംത നിലത്ത് കമിഴ്ന്നല്ല, മലർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് മൊഴി. മംതയുടെ ശരീരത്തിലും തറയിലും ഛർദ്ദിയുടെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ഛർദ്ദിയിൽ ഗുളികകളും സമീപത്ത് മരുന്നിന്റെ കുപ്പിയും കണ്ടു. കീടനാശിനിയുടെ പാക്കറ്റുകളും തുറന്ന നിലയിൽ സമീപത്തുണ്ടായിരുന്നുവെന്നും ഛർദ്ദിയിൽ രാസവസ്തുവിന്റെ സാന്നിദ്ധ്യം തോന്നിയെന്നുമാണ് ഭട്ടിന്റെ വിശദീകരണം.
45 മിനിറ്റിലേറെ ഭാര്യയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും പിന്നീട് കിടപ്പുമുറിയിൽ നിന്ന് ബാത്ത്രൂമിലേക്ക് വലിച്ചിഴച്ച് വെള്ളം നൽകാൻ ശ്രമിച്ചെന്നും ഇയാൾ പറഞ്ഞു. അപ്പോഴൊക്കെയും മംതയ്ക്ക് ജീവനോ ശ്വാസമോ ഉണ്ടായിരുന്നില്ലെന്നാണ് നരേഷിന്റെ അവകാശവാദം. എന്തുകൊണ്ടാണ് പൊലീസിൽ വിളിച്ച് സഹായം തേടാതിരുന്നതെന്ന് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചപ്പോൾ താൻ ആകെ പേടിച്ചപോയെന്നും. എന്തുകൊണ്ടാണ് വിളിക്കാതിരുന്നതെന്ന് തനിക്കറിയില്ല. വിളിക്കാൻ ശ്രമിച്ചിരുന്നെന്നും. എന്തോ ഒന്ന് തന്നെ നിയന്ത്രിക്കുന്നതുപോലെയായിരുന്നു. വല്ലാത്ത പരിഭ്രാന്തിയിലായിരുന്നു. രണ്ടുവർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നും നരേഷ് പറഞ്ഞു.
ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ പേരിൽ താൻ കുറ്റക്കാരനാക്കപ്പെടുമോയെന്ന് ഭയന്നിരന്നോ എന്ന അഭിഭാഷകന്റെ ചോദ്യത്തിന് 'അതെ' എന്നായിരുന്നു മറുപടി. തുടർന്ന് കുഞ്ഞിനെ പരിചരിച്ചിരുന്ന ബേബി സിറ്ററെ ഫോണിൽ ബന്ധപ്പെട്ടു. കുഞ്ഞിനെ അവരുടെ വീട്ടിലെത്തിച്ച ശേഷം മൃതദേഹം ഒളിപ്പിക്കാൻ ആവശ്യമായ സാധനങ്ങൾ വാങ്ങാനായി ഹോം ഡിപ്പോയിലേക്ക് പോയെന്നും ഭട്ട് മൊഴി നൽകി. അവിടെനിന്ന് കൈയുറകൾ വാങ്ങിയതിന്റെ കാരണം ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ ഇയാൾക്കായില്ല.
മംതയുടെ മൃതദേഹം അടുത്ത ഒന്നര ദിവസത്തിനിടെ കഷണങ്ങളാക്കിയെന്നും വീടിന് സമീപത്തെ ചവറ്റുകുട്ടകളിൽ നിക്ഷേപിച്ചെന്നും ഭട്ട് കോടതിയിൽ സമ്മതിച്ചു. 'വീട്ടിലെത്തിയ ശേഷം എന്തുചെയ്തു?' എന്ന അഭിഭാഷകന്റെ ചോദ്യത്തിന് മൃതദേഹം വലുപ്പം കുറച്ച് പ്ലാസ്റ്റിക് കവറിലാക്കി ചവറ്റുകുട്ടയിൽ നിക്ഷേപിച്ചെന്നായിരുന്നു മറുപടി. എങ്ങനെയാണ് മൃതദേഹം വെട്ടിനുറുക്കിയതെന്ന ചോദ്യത്തിന് കൈവാൾ ഉപയോഗിച്ചെന്നു പറഞ്ഞു. കത്തികൾ ഉപയോഗിച്ചെങ്കിലും അധികമില്ലെന്നും ഇയാൾ വ്യക്തമാക്കി.
കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങളിൽ നരേഷ് കൈയുറ ധരിച്ച് നിരവധി കവറുകൾ വിവിധ മാലിന്യക്കൂമ്പാരങ്ങളിൽ നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ ഈ കവറുകളിലൊന്നിലും മംതയുടെ മൃതദേഹാവശിഷ്ടങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഭാര്യയുടെ വ്യക്തിപരമായ വസ്തുക്കളായിരുന്നുവെന്നുമാണ് നരേഷിന്റെ വിശദീകരണം. മൃതദേഹം വെട്ടിനുറുക്കിയ കാര്യം വിവരിക്കുമ്പോഴും നരേഷിന്റെ മുഖത്ത് ഭാവമാറ്റമൊന്നും ഉണ്ടായിരുന്നില്ല.
മംതയെ കാണാതായതിന് പിന്നാലെ പൊലീസിനോടും മാദ്ധ്യമങ്ങളോടും പറഞ്ഞ കാര്യങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായ മൊഴിയാണ് ഇപ്പോൾ നരേഷ് കോടതിയിൽ നൽകിയിരിക്കുന്നത്. മംത വീടുവിട്ട് പോയെന്നും ന്യൂയോർക്കിലോ ടെക്സാസിലോ ആയിരിക്കാമെന്നാണ് നേരത്തെ ഇയാൾ പറഞ്ഞിരുന്നത്. മംതയുമായുള്ള ബന്ധത്തിൽ അവസാന നാളുകളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഭാര്യയെ താൻ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് ഇയാളുടെ വാദം.
ഫോറൻസിക് വിദഗ്ദ്ധർ, കുടുംബസുഹൃത്ത്, മംതയുടെ സഹോദരൻ മഹേഷ് കാഫ്ളെ എന്നിവരാണ് കേസിലെ പ്രധാന സാക്ഷികൾ. മംതയുടെ സഹോദരൻ മഹേഷ് കാഫ്ളെയുടെ മൊഴിയും കേസിൽ നിർണായകമായി. ഭട്ടിനെ ആദ്യമായി കണ്ടപ്പോൾ തന്നെ സഹോദരി ഇയാളെ വിവാഹം കഴിക്കരുതെന്ന് താൻ ഉപദേശിച്ചിരുന്നതായി മഹേഷ് പറഞ്ഞു. മംതയെ കാണാതാകുന്നതിന് ഏതാനും മാസം മുമ്പ് കണ്ണിന് ചുറ്റും പരിക്കേറ്റ നിലയിലുള്ള ഒരു ചിത്രം സഹോദരി രഹസ്യമായി തനിക്ക് അയച്ചിരുന്നുവെന്നും മഹേഷ് മൊഴി നൽകി. ഭട്ട് മർദ്ദിച്ചതിനെ തുടർന്നാണ് പരിക്കേറ്റതെന്ന് മംത പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന വിചാരണയിൽ ഇലക്ട്രിക് കൈവാളിൽ നിന്ന് കണ്ടെത്തിയ രക്തവും ഡി.എൻ.എ. സാമ്പിളുകളും മംതയുടേതാകാൻ സാധ്യതയുണ്ടെന്ന് ഫോറൻസിക് വിദഗ്ദ്ധൻ മൊഴി നൽകിയിരുന്നു. കൊലപാതകത്തിന് മാസങ്ങൾക്കുമുമ്പ് ഭട്ട് വാങ്ങിയ കൈവാൾ പിന്നീട് ഒരു തോട്ടം തൊഴിലാളിക്ക് നൽകിയതായും ഇയാളിൽനിന്ന് പൊലീസ് അത് പിടിച്ചെടുത്തതായും പ്രോസിക്യൂഷൻ വ്യക്തമാക്കി.
കൊലപാതകം, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, മൃതദേഹം ഒളിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് നരേഷിനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റങ്ങൾ നിഷേധിച്ച പ്രതി നിലവിൽ വിചാരണ നേരിടുകയാണ്. മംതയുടെ മൃതദേഹം കണ്ടെത്താനാകാത്തത് അന്വേഷണത്തിൽ നിർണായക വെല്ലുവിളിയായി തുടരുന്നു.