കൊച്ചി: കൊച്ചിയിലെ ബസുകളുടെ മണരപ്പാച്ചിലില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. എന്തുതരം ഡ്രൈവിങ് ആണിതെന്ന് ചോദിച്ചാണ് ഹൈക്കോടതി പ്രതികരിച്ചത്. അപകടകരമായ രീതിയിലും അമിത വേഗത്തിലും സഞ്ചരിക്കുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും കോടതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് നിര്‍ദേശിച്ചു. വിഷയത്തില്‍ കൊച്ചി കൊച്ചി കോർപ്പറേഷന് അന്ത്യശാസനം നല്‍കിയ കോടതി നടപടി എടുത്തില്ലെങ്കില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും താക്കീത് നല്‍കി.
കാക്കനാട് യുവതി അപകടത്തില്‍പ്പെട്ട ദൃശ്യങ്ങള്‍ ഹൈക്കോടതി പരിശോധിച്ചശേഷമാണ് ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണം. അപകടത്തിന്റെ തീവ്രത ചൂണ്ടിക്കാണിച്ച കോടതി അപകട ദൃശ്യങ്ങള്‍ ഒരിക്കല്‍ക്കൂടി കാണാനാവില്ലെന്നും പറഞ്ഞു. ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ എന്നാണ് കോടതി പരാമർശിച്ചത്.
മരണപ്പാച്ചില്‍ നിയന്ത്രിക്കാന്‍ പൊലീസ് എന്ത് ചെയ്യുമെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. പൗരന് സംരക്ഷണം നല്‍കാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല. മരിച്ച യുവതിയുടെ കുടുംബത്തോട് മാപ്പപേക്ഷിക്കണമെന്നും ഭരണകൂടം അത് ചെയ്തില്ലെന്നും കോടതി പറഞ്ഞു. കുറ്റക്കാരായ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനാണ് കോടതിയുടെ തീരുമാനം. ജീവന് തുല്യം വയ്ക്കാന്‍ മറ്റൊന്നുമില്ല. എല്ലാദിവസവും അപകടം സംഭവിക്കുന്നു. ബസിനുള്ളിലും പുറത്തും ഉള്ളവര്‍ അപകടത്തിന് ഇരയാകുന്നു ബസ് ഡ്രൈവര്‍മാര്‍ക്ക് നിയമത്തെയും പൊലീസിനെയും ഭയമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.