പെട്രോളിൽ എഥനോളിന്റെ അളവ് കൂടുതൽ,​ 63 സാമ്പിളുകളുടെ പരിശോധനാഫലം പുറത്ത്, ഞെട്ടിക്കുന്ന കണ്ടെത്തൽ

ബംഗളൂരു: രാജ്യത്ത് വാഹനങ്ങൾക്ക് വിതരണം ചെയ്യുന്ന ഇ20 പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തിലും കൂടുതൽ എഥനോൾ കലർത്തുന്നതായി കണ്ടെത്തിയെന്ന് കർണാടക സർക്കാർ. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ സാമ്പിളിൽ 31.2 ശതമാനം എഥനോൾ കണ്ടെത്തിയതായും സംസ്ഥാനത്തെ വിവിധ എണ്ണകമ്പനികളുടെ പെട്രോൾ സാമ്പിളുകളിൽ അനുവദനീയമായ അളവിലും കൂടുതൽ എഥനോൾ കലർന്നിട്ടുണ്ടെന്നും കർണാടക ഭക്ഷ്യ പൊതുവിതരണ ഉപഭോകൃത കാര്യ മന്ത്രി റിസ്‌വാൻ അർഷാദ് അറിയിച്ചു.

ബംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അംഗീകൃത ലബോറട്ടറികളിൽ നടത്തിയ പരിശോധനയുടെ ഫലം മന്ത്രി പുറത്തുവിട്ടത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്ന് 63 പെട്രോൾ സാമ്പിളുകളാണ് ശേഖരിച്ച് പരിശോധന നടത്തിയത്. ഐ.ഒ.സിയുടെ പെട്രോളിൽ 31.2 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ (എച്ച്.പി.സി.എൽ) പെട്രോളിൽ 30.5 ശതമാനവും എഥനോൾ കണ്ടെത്തി. ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബി.പി.സി.എൽ) സാമ്പിളിൽ 26.5 ശതമാനവും നയാരയുടെ പെട്രോളിൽ 26.1 ശതമാനവും ഷെൽ പെട്രോളിൽ 25.5 ശതമാനവുമാണ് എഥനോളിന്റെ അളവ്. ബംഗളൂരു അടക്കമുള്ള ജില്ലകളിൽ നിന്നുള്ള സാമ്പിളുകളിലും അനുവദനീയമായ പരിധി മറികടന്നതായി കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്തെ വാഹനങ്ങൾക്ക് 20 ശതമാനത്തിൽ കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കാൻ കഴിയുമോയെന്ന കാര്യത്തിലും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയിൽ 35 കോടിയിലധികം വാഹനങ്ങളുണ്ട്. ഇതിൽ 99 ശതമാനം വാഹനങ്ങളും ഇ20നേക്കാൾ കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ നിർമിച്ചവയല്ലെന്നാണ് മന്ത്രിയുടെ വാദം. 2023ന് ശേഷമാണ് ഇ20 ഇന്ധനം ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങൾ നിർമിച്ചു തുടങ്ങിയത്. അതിനാൽ ഇത്തരം വാഹനങ്ങളുടെ എണ്ണം രാജ്യത്ത് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, വിദേശനാണ്യ ചെലവ് നിയന്ത്രിക്കുക, ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന എഥനോളിന് വിപണി ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്രസർക്കാർ എഥനോൾ മിശ്രിത ഇന്ധന പദ്ധതി നടപ്പാക്കുന്നത്. കരിമ്പ്, ചോളം തുടങ്ങിയവയിൽനിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ മൈലേജിനെയും എൻജിന്റെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകൾ ഉയർന്നിട്ടുണ്ട്. ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *