‘എതിരാളികളുടെ കെണിയിൽ വീഴരുത്; വഴിതെറ്റുന്ന എംഎൽഎമാർക്കെതിരെ കടുത്ത നടപടി’; ടിവികെ എംഎൽഎമാർക്ക് വിജയ്‌യുടെ മുന്നറിയിപ്പ്

ചെന്നൈ: പാർട്ടിയിലെ എംഎൽഎമാർ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴരുതെന്നും നിർദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ടിവികെ എംഎൽഎമാരുടെ യോഗത്തിലാണ് വിജയ് കർശന മുന്നറിയിപ്പ് നൽകിയത്. മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്ന എംഎൽഎമാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടിവികെ സർക്കാരിനെ താഴെയിറക്കാൻ ഡിഎംകെ ശ്രമം തുടരുകയാണെന്നും പാർട്ടിയിലെ എംഎൽഎമാരെ കെണിയിൽപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെന്നും വിജയ് ആരോപിച്ചു. ഇത്തരം നീക്കങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം എംഎൽഎമാരോട് ആവശ്യപ്പെട്ടു.

അതിനിടെ, കള്ളക്കുറിച്ചി ജില്ലാ കളക്ടർ പദ്മജയ്ക്ക് ടിവികെ എംഎൽഎ അരുൾ വിഘ്നേഷ് അനാവശ്യ സന്ദേശങ്ങൾ അയച്ചെന്ന ആരോപണം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിവാദമായിരിക്കുകയാണ്. 36കാരനായ എംഎൽഎക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

രണ്ട് മാസം മുമ്പ് മദ്യലഹരിയിൽ എംഎൽഎ കളക്ടർക്ക് വാട്സ്ആപ്പ് വഴി അനുചിതമായ സന്ദേശങ്ങൾ അയച്ചെന്നും രാത്രിയിൽ ഔദ്യോഗിക വസതിയിലെത്തി ശല്യം ചെയ്തെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് കളക്ടർ ഭരണകക്ഷിയിലെ മുതിർന്ന മന്ത്രിയെ അറിയിച്ചതായും തുടർന്ന് മന്ത്രി ഇടപെട്ട് എംഎൽഎയെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് പ്രശ്നം താൽക്കാലികമായി ഒത്തുതീർപ്പാക്കിയതായും റിപ്പോർട്ടുകളുണ്ട്.

സർക്കാർ ഉത്തരവുകൾ കാണൂ

സംഭവത്തിനുശേഷം ഔദ്യോഗിക പരിപാടികളിലും പൊതുവേദികളിലും കളക്ടറും എംഎൽഎയും ഒരുമിച്ച് പങ്കെടുക്കുന്നത് ഒഴിവാക്കിയിരുന്നുവെന്നാണ് വിവരം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം വീണ്ടും ശക്തമായത്.

അതേസമയം, ആരോപണങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണമോ പൊലീസിന്റെ നടപടികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *