ന്യൂഡൽഹി : ജമ്മു കാശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെയുണ്ടായ വെടിവയ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനും തുടർനടപടികൾ വിലയിരുത്തുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. കുൽഗാമിലെ ചെക്ക്പോസ്റ്റിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് വെടിവയ്പ് ഉണ്ടായത്. ബൈക്കിലെത്തിയ അക്രമികൾ ജവാൻമാർക്ക് നേരെ വെടിയുതിർത്ത ശേഷം കടന്നുകളഞ്ഞു. രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അനന്ത്‌നാഗിലെ സർക്കാർ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതിൽ ഒരു ജവാന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ ചെക്ക് പോസ്റ്റിൽ കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.