ഒഎന്‍ജിസി ഡ്രില്ലിങ് സൈറ്റില്‍ വന്‍ വാതക ചോര്‍ച്ച; ആന്ധ്രയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താമസക്കാരെ ഒഴിപ്പിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ കൊനസീമ ജില്ലയിലുള്ള ഒഎന്‍ജിസി ഡ്രില്ലിങ് കിണറ്റിലുണ്ടായ വന്‍ വാതക ചോര്‍ച്ച ചൊവ്വാഴ്ച പുലര്‍ച്ചെ സമീപ ഗ്രാമങ്ങളില്‍ പരിഭ്രാന്തി പരത്തി. ഇതിനെത്തുടര്‍ന്ന് സൈറ്റിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ അധികൃതര്‍ ഒഴിപ്പിച്ചു.

രാജോലെ മണ്ഡലത്തിലെ മാമിടികുഡുരു മണ്ഡലത്തിലുള്ള നാഗാരം ഗ്രാമത്തിന് സമീപമുള്ള താടിവരിമെരകയിലാണ് പുലര്‍ച്ചെ 4:30 ഓടെ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. വലിയൊരു ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. ഇതോടെ വാതകം അന്തരീക്ഷത്തിലേക്ക് പടര്‍ന്നു. ഗെദ്ദട – മാമിടികുഡുരു ഹൈവേയോട് ചേര്‍ന്നുള്ള ഒഎന്‍ജിസി റിഗില്‍ നിന്ന് വാതകം ചോരുന്നത് ഗെദ്ദട ഗ്രാമത്തില്‍ ആശങ്ക പരത്തി.

സംഭവമറിഞ്ഞ് പ്രദേശവാസികളും അതുവഴി യാത്ര ചെയ്തവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിമാറി. മുന്‍കരുതലിന്റെ ഭാഗമായി, അപകടസാധ്യത പരമാവധി കുറയ്ക്കുന്നതിനായി ലൈറ്റുകളോ മറ്റ് വൈദ്യുത ഉപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കരുതെന്ന് സമീപ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുവരെ തീപിടുത്തമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കിണറിന്റെ മുഖഭാഗം സുരക്ഷിതമായി തുടരുന്നുണ്ടെന്നും ഒഎന്‍ജിസി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രനായ്ഡു ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളെ ഉടന്‍ ഒഴിപ്പിക്കുന്നത് ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പൊതുസുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണന നല്‍കേണ്ടതെന്നും ചോര്‍ച്ച നിയന്ത്രിക്കാന്‍ പ്രത്യേക സാങ്കേതിക സംഘങ്ങളെ വിന്യസിക്കാന്‍ ഒഎന്‍ജിസിയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

വാതകം ഭൂനിരപ്പിലേക്ക് പടരുന്നത് തടയാന്‍ ഒഎന്‍ജിസി ജീവനക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. അപകടസാധ്യത കുറയ്ക്കുന്നതിനായി ഡീസല്‍ ജനറേറ്ററുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്ത് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് മാറ്റിസ്ഥാപിച്ചു. കിണര്‍ അടച്ച് ചോര്‍ച്ച പൂര്‍ണ്ണമായി തടയുന്നതിനായി ഒരു സ്‌പെഷ്യലൈസ്ഡ് സിമന്റിങ് ടീമിനെയും സ്ഥലത്തേക്ക് അയക്കുന്നുണ്ട്.

അടിയന്തര സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്ത നാല് മുതല്‍ അഞ്ച് മണിക്കൂറിനുള്ളില്‍ വാതക ചോര്‍ച്ച പൂര്‍ണ്ണമായും അടയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികൃതരുടെ കര്‍ശന നിരീക്ഷണത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങളും സുരക്ഷാ നടപടികളും തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *