സിപിഎമ്മില്‍ ‘പിണറായിസം’ മാത്രമെന്ന് ആക്ഷേപം; കോടിയേരിയുടെ ഭാര്യാസഹോരനും പാര്‍ട്ടിവിട്ടു

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിവിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരന്‍ എസ്.ആര്‍. വിനയകുമാറും. പാര്‍ട്ടി അംഗത്വം പുതുക്കിയില്ല. പാര്‍ട്ടിയില്‍ 'പിണറായിസം' മാത്രമാണ് അവശേഷിക്കുന്നത് എന്ന രൂക്ഷ വിമര്‍ശനം നടത്തിയാണ് പുറത്തുപോയത്. തലശ്ശേരി മുന്‍ എം.എല്‍.എ എം.വി. രാജഗോപാലന്‍ മാസ്റ്ററുടെ മകനാണ് അദ്ദേഹം.

നഗരങ്ങൾ കാണുക

തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന വിനയകുമാര്‍, ഇത്തവണ പാര്‍ട്ടി അംഗത്വം പുതുക്കാന്‍ വിസമ്മതിച്ചാണ് പടിയിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവാദങ്ങളെയും കേസുകളെയും പ്രതിരോധിക്കുക എന്നതല്ലാതെ പാര്‍ട്ടിക്ക് വേറെ അജണ്ടകളൊന്നുമില്ലെന്നും വിമര്‍ശിച്ചു. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

നഗരങ്ങൾ കാണുക

'പിണറായി വിജയന്‍ എന്നാല്‍ സിപിഎം, സിപിഎം എന്നാല്‍ പിണറായി വിജയന്‍' എന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും പാര്‍ട്ടിയില്‍ ഇന്ന് യാതൊരു വിലയുമില്ലെന്നും കുറ്റപ്പെടുത്തി.

വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ 'യുണൈറ്റഡ് ഇലക്ട്രിക്കല്‍സി'ന്റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് വിനയകുമാര്‍. 2023-ല്‍ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവെച്ച് ചീട്ടുകളിച്ച കേസില്‍ വിനയകുമാര്‍ ഉള്‍പ്പെടെയുള്ള ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *