ന്യൂഡല്‍ഹി: ഇന്ധനം പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ വില്‍പ്പനയില്‍ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. പമ്പുകളില്‍നിന്ന് ഒരു ദിവസം ഒരു വാഹനത്തിന് 200 ലിറ്റര്‍ ഡീസല്‍മാത്രമേ അനുവദിക്കൂ. വന്‍കിട ഉപയോക്താക്കള്‍ പമ്പുകളില്‍നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തി.
90 ദിവസത്തേക്കാണ് നിയന്ത്രണം. ആവശ്യമെങ്കില്‍ കാലാവധി നീട്ടും. പൊതുജനങ്ങള്‍ക്ക് ഡീസല്‍ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. വന്‍കിട ഉപയോക്താക്കള്‍ക്ക് മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍നിന്നോ സ്വന്തം കണ്‍സ്യൂമര്‍ പമ്പുകളില്‍നിന്നോ ഇന്ധനം ശേഖരിക്കാമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കി.
വാഹനങ്ങളുടെ ടാങ്കുകളിലോ അംഗീകൃത കാനുകളിലോ മാത്രമേ ഇന്ധനം നല്‍കാവൂവെന്നും നിര്‍ദേശമുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍.പി.ജി. എന്നിവയുടെ വില്‍പ്പനയില്‍ പ്രതിദിനം ഏകദേശം 500 കോടി രൂപയുടെ അധികഭാരം വഹിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
വിലവ്യത്യാസം കാരണം വന്‍കിട ഉപയോക്താക്കള്‍ പെട്രോള്‍ പമ്പുകളില്‍നിന്ന് വന്‍തോതില്‍ ഇന്ധനം വാങ്ങാന്‍ തുടങ്ങിയത് ചില മേഖലകളില്‍ ദൗര്‍ലഭ്യത്തിന് കാരണമാകുന്നുണ്ട്, പ്രത്യേകിച്ച് ഡീസലിന്. ചില്ലറവില്പന ഡീസലും മൊത്തവ്യാപാര ഡീസലും തമ്മില്‍ ലിറ്ററിന് 40 രൂപയുടെ വ്യത്യാസമുണ്ട്.
ഡല്‍ഹിയില്‍ പെട്രോള്‍ പമ്പുകളില്‍ ഡീസല്‍ ലിറ്ററിന് 95.20 രൂപയാണെങ്കില്‍ മൊത്തവ്യാപാര നിരക്ക് ലിറ്ററിന് 134.50 രൂപയാണ്. ഇതാണ് വന്‍കിടക്കാരെ പെട്രോള്‍ പമ്പുകളിലേക്ക് ആകര്‍ഷിക്കുന്നത്. കാനുകളിലും മറ്റുമായി വലിയ അളവില്‍ ഡീസല്‍ വാങ്ങി വീണ്ടും വില്‍ക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.