ബീജിങ്: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ തിമിംഗല അവശിഷ്ട ശേഖരം കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഓസ്ട്രേലിയയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഡയമന്റിന ഫ്രാക്ചര്‍ സോണില്‍ ഏകദേശം 1,200 കിലോമീറ്റര്‍ നീളത്തിലാണ് ഈ ‘തിമിംഗല നെക്രോപോളിസ്’ വ്യാപിച്ചുകിടക്കുന്നത്. സമുദ്രോപരിതലത്തില്‍നിന്ന് ഏകദേശം 7,000 മീറ്റര്‍ ആഴത്തില്‍ കണ്ടെത്തിയ ഈ ശ്മശാനത്തിന് 5.3 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടെന്ന് ‘നേച്ചര്‍’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
ചൈന, ഇറ്റലി, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നില്‍. ‘ഫെന്‍ഡൗഷെ’ എന്ന മുങ്ങിക്കപ്പല്‍ ഉപയോഗിച്ച് 2023-ല്‍ ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ 32 ഡൈവുകളിലൂടെയാണ് ഈ വിസ്മയ ലോകം കണ്ടെത്തിയത്. ഏകദേശം 485 തിമിംഗല ഫോസില്‍ സൈറ്റുകള്‍ സംഘം സര്‍വേ ചെയ്യുകയും റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഈ മേഖലയില്‍ പത്ത് ദശലക്ഷത്തിലധികം തിമിംഗല ജഡങ്ങള്‍ ഉണ്ടാകാമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. വി-ആകൃതിയിലുള്ള ട്രെഞ്ച് സംവിധാനം തിമിംഗലങ്ങളുടെ ജഡങ്ങള്‍ ഒരിടത്തേക്ക് വന്നടിയാന്‍ കാരണമായിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു.
തിമിംഗലങ്ങളുടെ വിവിധ വര്‍ഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ഏറ്റവും പഴക്കമേറിയത് 5.3 ദശലക്ഷം വര്‍ഷം പഴക്കമുള്ള ‘പ്‌റ്റെറോസെറ്റസ് ബെംഗുവേല’ (Pterocetus benguelae) എന്ന ഇനത്തിന്റെ തലയോട്ടിയാണ്. കൂടാതെ, മുമ്പ് അറിയപ്പെടാത്തതും വംശനാശം സംഭവിച്ചതുമായ ഒരു പുതിയ ഇനം തിമിംഗലത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തുകയും അതിന് ‘പ്‌റ്റെറോസെറ്റസ് ഡയമന്റിനെ’ (Pterocetus diamantinae) എന്ന് പേരിടുകയും ചെയ്തു. അഞ്ച് മീറ്റര്‍ നീളമുള്ള അന്റാര്‍ട്ടിക് മിങ്കെ തിമിംഗലത്തിന്റെ ജഡമാണ് ഇവിടെനിന്ന് കണ്ടെത്തിയ ആധുനിക കാലത്തെ ഏറ്റവും വലിയ അവശിഷ്ടം.
വെളിച്ചവും ഭക്ഷണവും കുറഞ്ഞ സമുദ്രത്തിന്റെ ആഴങ്ങളില്‍ ഈ തിമിംഗല അവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ച് വലിയൊരു ആവാസവ്യവസ്ഥ തന്നെ വളര്‍ന്നുവരുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ജെല്ലിഫിഷ്, സ്റ്റാര്‍ ഫിഷ്, ക്രസ്റ്റേഷ്യനുകള്‍ എന്നിവയുള്‍പ്പെടെ അനേകം ജീവികള്‍ ഈ ജഡങ്ങളില്‍നിന്ന് പോഷകങ്ങള്‍ സ്വീകരിച്ച് ജീവിക്കുന്നു.
ഏകദേശം 6.7 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഈ ജഡങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് ആയിരക്കണക്കിന് വര്‍ഷങ്ങളായി ആഴക്കടല്‍ ജീവനെ നിലനിര്‍ത്തുന്നുണ്ടെന്നും പഠനത്തിന് നേതൃത്വം നല്‍കിയ സിയാവോടോങ് പെങ് പറഞ്ഞു. മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള ഇത്രയും ആഴത്തില്‍ ഇത്തരമൊരു കണ്ടെത്തല്‍ നടന്നത് ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം വലിയൊരു നാഴികക്കല്ലാണ്.