ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി പ്രവാസി ഇന്ത്യക്കാരൻ; കിഷോറിനെ തേടിയെത്തിയത് 13 കോടിയുടെ സമ്മാനം

ഷാർജ: യുഎഇ 'ലക്കി ഡേ' നറുക്കെടുപ്പിൽ 13 കോടിയോളം രൂപ സമ്മാനം നേടി ഇന്ത്യക്കാരൻ. ഷാർജയിൽ താമസിക്കുന്ന കിഷോറിനാണ് (59) 50 ലക്ഷം ദിർഹം (12,94,09,150 രൂപ) സമ്മാനമായി ലഭിച്ചത്. 'ഈസി പിക്ക്' സംവിധാനത്തിലൂടെ നമ്പറുകൾ തിരഞ്ഞെടുത്താണ് അദ്ദേഹം ഭാഗ്യശാലിയായത്. ഒക്‌ടോബർ മൂന്നിന് നടന്ന നറുക്കെടുപ്പിൽ ഡേയ്‌സ് വിഭാഗത്തിൽ ആറ് നമ്പറുകളും ഒത്തുവന്നതോടെയാണ് കിഷോറിന് സമ്മാനം ലഭിച്ചത്.

യുഎഇ ലോട്ടറിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി 50 ദിർഹം (1,294 രൂപ) നൽകിയാണ് കിഷോർ ടിക്കറ്റെടുത്തത്. വാർത്തകളിൽ സ്വന്തം പേര് കണ്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്നും പിന്നീട് അക്കൗണ്ട് പരിശോധിച്ചാണ് സമ്മാനം ലഭിച്ചുവെന്ന് ഉറപ്പുവരുത്തിയതെന്നും അദ്ദേഹം ഒരു ഗൾഫ് മാദ്ധ്യമത്തോട് പറഞ്ഞു.

4, 5, 12, 14, 17, 18 എന്നിവയായിരുന്നു വിജയിച്ച സംഖ്യകൾ. 10 ആയിരുന്നു ലക്കി നമ്പർ. ഡേയ്‌സ് (days) വിഭാഗത്തിലെ ആറ് സംഖ്യകളും ഒത്തുവന്നതോടെയാണ് കിഷോർ രണ്ടാം സമ്മാനത്തിന് അർഹനായത്. ഡേയ്‌സ് വിഭാഗത്തിലെ ആറ് സംഖ്യകളും ലക്കി മന്ത് നമ്പറും ഒത്തുവരുന്ന വിജയിക്കാണ് 30 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 78 കോടി രൂപ) ഒന്നാം സമ്മാനം ലഭിക്കുക. എല്ലാ ബുധനും ശനിയും ദിവസങ്ങളിൽ രാത്രി 9.30നാണ് ഈ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പുകൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *