വാഷിംഗ്‌ടൺ: പാകിസ്ഥാനുമായി ചൈനയുടെ വളർന്നുവരുന്ന സൈനിക ബന്ധത്തെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി അമേരിക്കൻ കോൺഗ്രസ് സമിതി റിപ്പോർട്ട്. ഇന്ത്യയുടെ വളർച്ചയെ തടയാനും, ഇവിടേക്കുള്ള വ്യാവസായിക വിതരണങ്ങൾ തടയാനും ഒപ്പം അതിർത്തി മേഖലകളിൽ സൈനിക സമ്മർദ്ദം ചെലുത്താനുമാണ് ചൈന ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. സാമ്പത്തികവും സൈനികവുമായ സമ്മർദ്ദമാണ് പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.
അമേരിക്കൻ സഖ്യകക്ഷികളല്ലാത്ത രാജ്യങ്ങളിൽ ചൈനയോട് നേരിട്ട് മത്സരിക്കാൻ ശേഷിയോ സ്വാധീനമോ ഉള്ളൊരു രാജ്യമായാണ് ഇന്ത്യയെ റിപ്പോർട്ടിൽ കാണുന്നത്. ശക്തമായ ഇന്ത്യയ്‌ക്ക് ഏഷ്യയിലെ അധികാര സന്തുലിതാവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്താനാകും. ചൈനയെ ആശ്രയിക്കാത്തൊരു ഉൽപാദന സംവിധാനം വികസിപ്പിക്കാനും വിതരണ ശൃംഖല ഉണ്ടാക്കാനും ഇന്ത്യയ്‌ക്കാകും. ഇക്കാര്യം ചൈനയ്‌ക്ക് നന്നായി അറിയാവുന്നതിനാൽ വിവിധ മേഖലകളിൽ ഇന്ത്യയെ പ്രതിരോധിക്കാൻ അവർ ശ്രമം നടത്തുകയാണ്.
സാമ്പത്തികമായി ഇന്ത്യയെ തകർക്കുക എന്ന ആയുധമാണ് ചൈന പ്രയോഗിക്കുന്ന വലിയ ആയുധമെന്നും യുഎസ് സമിതി നിരീക്ഷിക്കുന്നു. വ്യാവസായിക അസംസ്‌കൃത വസ്‌തുക്കൾ, സാങ്കേതികവിദ്യ, വിദഗ്ദ്ധ പരിജ്ഞാനം എന്നിവയിലെ നിയന്ത്രണം ഉപയോഗിച്ച് ഇന്ത്യയ്‌ക്ക് ഉൽപാദന ശേഷി വികസനത്തിൽ പ്രയാസമുണ്ടാക്കാനാണ് ചൈനീസ് ശ്രമം.
ചൈന പാകിസ്ഥാനുമായി ആഴത്തിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിലും യുഎസ് കോൺഗ്രസ് സമിതി ആശങ്ക രേഖപ്പെടുത്തി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘർഷമുണ്ടായതും റിപ്പോർട്ടിലുണ്ട്. ചൈനയുടെ ശക്തി വർദ്ധിച്ചുവരുന്നതും അവർ പാകിസ്ഥാന് പിന്തുണ നൽകുന്നത് ഇന്ത്യയ്‌ക്ക് ഒരേസമയം രണ്ട് അതിർത്തികളിൽ നിന്നുള്ള ഭീഷണിയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
26 ഇന്ത്യക്കാർ മരിച്ച പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ പ്രഖ്യാപിച്ചത്. ഈ സമയം പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയെന്ന് ഈ വർഷം ചൈന സമ്മതിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ വർദ്ധിച്ചുവരുന്ന ചൈനീസ് പ്രാതിനിധ്യവും ഈ മേഖലയിലെ ഇന്ത്യൻ പ്രാമുഖ്യത്തിന് തടസമിടാൻ ലക്ഷ്യമിട്ടാണെന്നും റിപ്പോർട്ടിലുണ്ട്. ദക്ഷിണേഷ്യൻ രാജ്യങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക പങ്കാളിത്തത്തിനും ചൈനയെ എങ്ങനെ ആശ്രയിക്കുന്നു എന്നതും ഈ മേഖലയിൽ അവർക്ക് വേറെ ശക്തമായ എതിരില്ലാത്തതും റിപ്പോർട്ടിലുണ്ട്.
മേഖലയിലെ ചൈനയുടെ പ്രാതിനിധ്യം കുറയ്‌ക്കാൻ ഇന്ത്യയും അമേരിക്കയും സഹകരണം കൂടുതൽ ശക്തമാക്കണം എന്ന് റിപ്പോർട്ടിലുണ്ട്. പ്രതിരോധം, ഭരണം, വ്യാപാരം, അക്കാദമിക് മേഖലകളിൽ വലിയ സഹകരണം ആവശ്യമാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.