സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കുടുംബത്തിന് നേരെ വംശീയ അധിക്ഷേപം ഉണ്ടായതായി ആരോപണം. സിഡ്‌നിയിൽ താമസിക്കുന്ന അഞ്ജലി ശർമ എന്ന മറ്റൊരു ഇന്ത്യക്കാരിയാണ് സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡരികിലെ ഭക്ഷണശാലയിൽ കഴിച്ചുകൊണ്ടിരുന്ന ഇന്ത്യൻ കുടുംബത്തെ കണ്ടുവെന്നും വാഹനത്തിലെത്തിയവർ അവർക്ക് നേരെ മുട്ടയെറിഞ്ഞെന്നുമാണ് യുവതിയുടെ ആരോപണം.
'റോഡരികിലെ ഫുഡ് ട്രക്കിന് സമീപമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന മുതിർന്നവർ ഉൾപ്പെടെയുള്ള കുടുംബം. പെട്ടെന്ന് അതുവഴി വന്ന ട്രക്കിലുണ്ടായിരുന്നവർ ഇവർക്ക് നേരെ മുട്ടയെറിയുകയായിരുന്നു. ഇതിനെ വംശീയതയെന്നോ ഇന്ത്യക്കാരോടുള്ള വിദ്വേഷമെന്നോ വിളിക്കാം. എനിക്ക് വളരെ വിഷമം തോന്നി. കുടുംബം ആരെയും ശല്യപ്പെടുത്താതെ സ്വന്തം കാര്യം നോക്കി ഇരിക്കുകയായിരുന്നു. ഞാൻ പൊലീസിൽ വിവരമറിയിച്ചിട്ടുണ്ട്. നടപടിയുണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ആരും ഇത്തരത്തിൽ അപമാനിക്കപ്പെടാൻ അർഹരല്ല. പരസ്‌പര ബഹുമാനം എന്നത് ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ്' – അഞ്ജലി ശർമ പറഞ്ഞു.
കഴിഞ്ഞ ഒക്‌ടോബറിൽ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലും ഒരു ഇന്ത്യൻ കുടുംബത്തിന് നേരെ സമാനമായ രീതിയിൽ വംശീയ അധിക്ഷേപം നടന്നിരുന്നു. ഭയന്ന കുടുംബം ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചു. 19കാരനാണ് ബ്രിസ്‌ബേനിലെ മോർണിംഗ്‌സൈഡിലുള്ള ഇവരുടെ അപ്പാർട്ട്മെന്റ് തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്‌തത്. പിന്നീട് ഈ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.