കടുപ്പിച്ച്‌ സുപ്രീം കോടതി: ‘ദീപത്തൂണില്‍ ഇന്ന്‌ ദീപം തെളിക്കണം’; അരുള്‍മിഗു ക്ഷേത്ര ട്രസ്റ്റി ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: തമിഴ്‌നാട്‌ മധുര ജില്ലയിലെ തിരുപ്പറംകുണ്‍ട്രം കുന്നിലെ ദീപത്തൂണില്‍ ഇന്ന്‌ കാര്‍ത്തിക ദീപം തെളിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി സുപ്രീം കോടതി. കഴിഞ്ഞ 24 ന്‌ ദീപത്തൂണില്‍ ദീപം തെളിക്കണമെന്ന ഉത്തരവ്‌ നടപ്പാക്കാത്തതിനെ രുക്ഷമായി വിമര്‍ശിച്ച കോടതി, അരുള്‍മിഗു സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ട്രസ്‌റ്റി ബോര്‍ഡിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ക്ഷേത്രഭരണത്തിന്‌ റിസീവര്‍മാരെ നിയമിച്ചു. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പാലിക്കാനുള്ളതാണെന്നും വ്യക്‌തമാക്കിയ കോടതി സംസ്‌ഥാന ചീഫ്‌ സെക്രട്ടറി, പോലീസ്‌ മേധാവി, ക്ഷേത്ര ട്രസ്‌റ്റിമാര്‍ എന്നിവര്‍ക്കു നോട്ടീസ്‌ അയച്ചു.

ഉദ്യോഗസ്‌ഥര്‍ തമ്മില്‍ കൈമാറിയ ഇമെയിലുകള്‍, ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്‌മൂലം സമര്‍പ്പിക്കാനും ജസ്‌റ്റിസ്‌ അരവിന്ദ്‌ കുമാര്‍, ജസ്‌റ്റിസ്‌ വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച്‌ നിര്‍ദേശിച്ചു. 24 ന്‌ ഉച്ചിപ്പിള്ളയാര്‍ മണ്ഡപത്തില്‍ തെളിച്ച ദീപം ഉപയോഗിച്ച്‌ തിരുപ്പറംകുണ്‍ട്രം ദീപത്തൂണിലും ദീപം തെളിക്കാനാണ്‌ ഉത്തരവ്‌.

ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ തമിഴ്‌നാട്‌ പോലീസ്‌ പരാജയപ്പെട്ടെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. അരുള്‍മിഗു സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന്റെയും തിരുപ്പറംകുണ്‍ട്രം കുന്നിന്റെയും സുരക്ഷാച്ചുമതല സി.ആര്‍.പി.എഫിനു കൈമാറി.

'ഉത്തരവുകള്‍ പാലിക്കപ്പെടാതിരിക്കുമ്പോള്‍ നോക്കിനില്‍ക്കാന്‍ കഴിയില്ല. കോടതി ഉത്തരവ്‌ ചര്‍ച്ചയ്‌ക്കുള്ള ക്ഷണമല്ല. ഉത്തരവ്‌ നടപ്പാക്കാന്‍ സംസ്‌ഥാനവും ഉദ്യോഗസ്‌ഥരും എല്ലാ മതസ്‌ഥാപനങ്ങളും ബാധ്യസ്‌ഥരാണ്‌.'-സുപ്രീം കോടതി പറഞ്ഞു. കോടതി ഉത്തവുണ്ടായിട്ടും ദീപം തെളിക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

തര്‍ക്കംനിലനില്‍ക്കുന്ന ദീപത്തൂണില്‍ ഒറ്റത്തവണത്തേക്കു മാത്രമായി 24 ന്‌ ദീപം തെളിക്കാന്‍ 20 ന്‌ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, അന്ന്‌ തിരുപ്പറംകുണ്‍ട്രത്തിലെ പതിവ്‌ സ്‌ഥലമായ ഉച്ചിപ്പിള്ളയാര്‍ മണ്ഡപത്തില്‍ മാത്രമാണ്‌ കാര്‍ത്തിക ദീപം തെളിച്ചത്‌. ദീപത്തൂണില്‍ തെളിച്ചില്ല. ദീപത്തൂണില്‍ ആചാരപരമായ ദീപം തെളിയിക്കാത്തതില്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ ബുധനാഴ്‌ച സുപ്രീം കോടതിയില്‍ ക്ഷമാപണം നടത്തിയിരുന്നു. അരുള്‍മിഗു സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര അധികൃതരാണ്‌ ഇതിന്‌ ഉത്തരവാദികളെന്നും ആരോപിച്ചു.

' നടപടി ധിക്കാരപരവും കോടതി ഉത്തരവിന്റെ മനഃപൂര്‍വവുമായ ലംഘനവുമാണ്‌. ഹൈക്കോടതിക്ക്‌ മുമ്പാകെ നല്‍കിയ ഉറപ്പും ലംഘിച്ചു. രണ്ട്‌ ഭരണഘടനാ കോടതികളുടെയും അധികാരത്തെ കരുതിക്കൂട്ടി അപമാനിക്കലുമാണിത്‌.'-സുപ്രീം കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *