ന്യൂഡല്‍ഹി: എല്ലാ സംസ്‌ഥാനങ്ങളിലും ലോക്‌സഭാ സീറ്റുകളുടെ എണ്ണം 50% വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് വിവാദമായ മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. പാര്‍ലമെന്റില്‍ വനിതകള്‍ക്ക് 33% സംവരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധിപ്പിച്ചിട്ടുള്ള മണ്ഡല പുനര്‍നിര്‍ണയ ബില്‍ 30 മുതല്‍ ഡിസംബര്‍ മൂന്നുവരെ ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കും.
അതിനിടെ, ബില്ലിനെ പിന്തുണയ്‌ക്കാന്‍ പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയിലുള്ള എന്‍.സി.പി.(ശരദ്‌പവാര്‍) തീരുമാനിച്ചതായി സൂചന. ബില്ലിനെ അംഗീകരിക്കുമെന്ന് പാര്‍ട്ടി നേതാവ് ജിതേന്ദ്ര ആവഡ് അറിയിച്ചെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ പ്രതികരിച്ചു. ബില്ലിനെ ഇന്ത്യ മുന്നണി എതിര്‍ക്കുന്നതിനിടെയാണ് പവാര്‍ വിഭാഗത്തിന്റെ ചാഞ്ചാട്ടം.
ബില്ലില്‍ നിര്‍ണായക ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. എല്ലാ സംസ്‌ഥാനങ്ങളിലേയും ലോക്‌സഭാ സീറ്റുകളുടെ എണ്ണം ഒരേപോലെ, 50 ശതമാനം വര്‍ധിപ്പിക്കും. സംസ്‌ഥാനങ്ങളുടെ നിലവിലുള്ള സീറ്റ് വിഹിതം 2051 വരെ മാറ്റമില്ലാതെ തുടരും. 1971-ലെ സെന്‍സസിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനങ്ങള്‍ക്ക് ലോക്‌സഭയില്‍ ലഭിക്കുന്ന സീറ്റ് വിഹിതം കണക്കാക്കുന്ന രീതി 25 വര്‍ഷത്തേക്ക് കൂടി തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സേവാതീര്‍ഥില്‍ ഇന്നലെ ഉച്ചയ്‌ക്കാണ് കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്നത്.
എല്ലാ സംസ്‌ഥാനങ്ങളിലെയും ലോക്‌സഭാ സീറ്റുകളുടെ എണ്ണം ഒരേപോലെ വര്‍ധിപ്പിക്കണമെന്ന ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ചത് ബില്‍ പാസാകാന്‍ സഹായിക്കുമെന്നാണു കേന്ദ്രത്തിന്റെ പ്രതീക്ഷ.
ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആയി ഉയര്‍ത്തുന്നതാണ് നിര്‍ദിഷ്‌ട ബില്‍. മണ്ഡല പുനര്‍നിര്‍ണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട 131-ാം ഭരണഘടനാ ഭേദഗതി ബില്‍, ഏപ്രില്‍ മാസത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കാന്‍ കഴിഞ്ഞില്ല.
ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് ബില്ലിനെ പിന്തുണയ്‌ക്കുമെന്ന് ആവഡ് പ്രഖ്യാപിച്ചത്.
ഭരണഘടനാപരമായ വ്യവസ്‌ഥകള്‍ പ്രകാരം മണ്ഡല പുനര്‍നിര്‍ണയം നടത്തേണ്ടതുണ്ടെന്നു ശരദ് പവാര്‍ പറഞ്ഞെന്നും സുപ്രിയ സുലെയും എം.പിമാരും ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായും ആവഡ് അറിയിച്ചു. എന്നാല്‍, അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എന്‍.സി.പി (എസ്.പി) വര്‍ക്കിങ് പ്രസിഡന്റും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ പ്രതികരിച്ചു.
ബില്ലിനെ നേരിടുന്നതിനുള്ള പ്രതിപക്ഷത്തിന്റെ സഭാതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് ഇന്ത്യാ മുന്നണി യോഗം വിളിച്ചിട്ടുണ്ട്. ബില്ലിനെ പിന്തുണയ്‌ക്കാന്‍ പാര്‍ട്ടി മൂന്ന് ഉപാധികള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് സുപ്രിയ സുലെ പറഞ്ഞു. 1. വനിതാ സംവരണം നടപ്പാക്കണം. 2. എല്ലാ സംസ്‌ഥാനങ്ങളിലും ലോക്‌സഭാ സീറ്റുകളില്‍ 50 ശതമാനം വര്‍ധനയുണ്ടാകണം. 3. അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുന്ന ഡിലിമിറ്റേഷന്‍ കമ്മിഷനില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണം.