കൊച്ചി: അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ തമ്മിൽ കയ്യേറ്റം. ഇന്നലെ രാത്രി ഏഴ് മണിയോടെ ആയിരുന്നു സംഭവം. കയ്യേറ്റത്തിനിടെ ഒരു യാത്രക്കാരന് പരിക്കേറ്റു.
തൃശൂർ സ്വദേശി യൂസഫ് എന്ന മൊയ്‌തുവിനാണ് പരിക്കേറ്റത്. തൈക്കൂടം സ്വദേശി റോഷൻ മാർട്ടിനാണ് ഇയാളെ മർദിച്ചത്. റോഷൻ യൂസഫിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യൂസഫിന്റെ കണ്ണട പൊട്ടുകയും വലത് കണ്ണിന് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. റോഷൻ ധരിച്ചിരുന്ന ബെൽറ്റ് ഊരിയെടുത്ത് യൂസഫിന്റെ കഴുത്തിൽ മുറുക്കിയെന്നും ആരോപണമുണ്ട്. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റോഷൻ മാർട്ടിനെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മദ്യലഹരിയിലാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് വിവരം.