കാമുകനില്‍ നിന്നും ഗര്‍ഭിണിയായി ; 30 ഗുളിക കഴിപ്പിച്ചു ; എന്നിട്ടും മരണപ്പെട്ടില്ല; 19 വയസ്സുകാരിയായ ഗര്‍ഭിണിയെ മാതാപിതാക്കള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി

ടെഹ്‌റാന്‍: ഇറാനില്‍ ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന സംഭവത്തില്‍ 19 വയസ്സുകാരിയായ ഗര്‍ഭിണിയെ മാതാപിതാക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. ഹെലിയ ഫത്താഹി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവാവുമായുള്ള പ്രണയബന്ധത്തെത്തുടര്‍ന്ന് താന്‍ രണ്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം കഴിഞ്ഞ ആഴ്ച ഹെലിയ വീട്ടുകാരെ അറിയിച്ചിരുന്നു.

ഇതില്‍ പ്രകോപിതരായ മാതാപിതാക്കള്‍ യുവതിയെക്കൊണ്ട് ഏകദേശം 30-ഓളം ഗുളികകള്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിച്ച ശേഷം തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പടിഞ്ഞാറന്‍ ഇറാനിലെ സനന്ദജ് നഗരത്തിലാണ് സംഭവം നടന്നത്. മകളെ കൊലപ്പെടുത്തിയ കുറ്റത്തിന് മാതാപിതാക്കളായ വോറിയ ഫത്താഹിയെയും ലൈല വെയ്സിനെയും പോലീസ് അറസ്റ്റ് ചെയ്തതായി 'ഇറാന്‍ ഇന്റര്‍നാഷണല്‍' റിപ്പോര്‍ട്ട് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

ശനിയാഴ്ച (നവംബര്‍ 21) മകള്‍ക്കെതിരെ പരാതി നല്‍കാനായി മാതാപിതാക്കള്‍ ആദ്യം കോടതിയെ സമീപിച്ചിരുന്നു. തിരിച്ചെത്തിയ ശേഷമാണ് ഇവര്‍ യുവതിയെ നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ചത്. എന്നാല്‍, മകള്‍ മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയതോടെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹെംഗാവ് മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.

ഈ സംഭവം ഇറാനില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഇറാനില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ യുവതിയാണ് ഹെലിയ ഫത്താഹി. കഴിഞ്ഞ ബുധനാഴ്ച (നവംബര്‍ 18), ഗിലാന്‍ പ്രവിശ്യയില്‍ 23-കാരിയായ സദാഫ് ഹാഗ്ബിനെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് മുന്‍ കാമുകന്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവെച്ചു കൊന്നിരുന്നു.

ഇതിന് മുന്‍പ് കെര്‍മാന്‍ഷായില്‍ 16 വയസ്സുകാരിയായ സോഗന്ദ് സയാദി എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് മരിച്ചിരുന്നു. പിതാവിനൊപ്പം വീട്ടിലേക്ക് വിട്ടാല്‍ അയാള്‍ തന്നെ കൊല്ലുമെന്ന് പെണ്‍കുട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അധ്യാപക സംഘടനകളുടെ ദേശീയ കൂട്ടായ്മ വെളിപ്പെടുത്തിയിരുന്നു. ഈ ആഴ്ച ആദ്യം, യൂട്യൂബില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ട സംഗീത പരിപാടിയുടെ പേരില്‍ പ്രമുഖ ഗായികയ്ക്കും സംഘത്തിലെ നാല് അംഗങ്ങള്‍ക്കും ഇറാന്‍ അധികൃതര്‍ 74 ചാട്ടവാറടി ശിക്ഷ നടപ്പാക്കിയിരുന്നു.

2024 ഡിസംബറില്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത സംഗീത പരിപാടിയുടെ പേരില്‍ 29-കാരിയായ പരസ്തു അഹമ്മദിക്കും നാല് സംഗീതജ്ഞര്‍ക്കും നാല് അണിയറ പ്രവര്‍ത്തകര്‍ക്കുമാണ് ജൂണില്‍ ചാട്ടവാറടി ശിക്ഷ വിധിച്ചത്. വലിയൊരു പേര്‍ഷ്യന്‍ പരവതാനി മാത്രം വിരിച്ച, അരണ്ട വെളിച്ചമുള്ള വേദിയില്‍ ആളൊഴിഞ്ഞ സദസ്സിന് മുന്നിലിരുന്ന് അഹമ്മദി വികാരനിര്‍ഭരമായ ഗാനങ്ങള്‍ ആലപിക്കുന്നതായിരുന്നു ആ വീഡിയോയില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *