കുനോയില്‍ ചീറ്റക്കുട്ടി വെടിയേറ്റു ചത്ത സംഭവം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ 19 മാസം പ്രായമുളള ചീറ്റ വെടിയേറ്റ് ചത്ത സംഭവത്തില്‍ കേന്ദ്രസസര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഞ്ജയന്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ അഡീഷണല്‍ ഡയറക്ടര്‍, വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോ റീജനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ ഇന്നതതല സമിതിയില്‍ അംഗങ്ങളാണ്.

കെഎന്‍ജി 22 ( KNG22) എന്ന് പേരിട്ടിരുന്ന 19 മാസം പ്രായമുളള ആണ്‍ ചീറ്റയാണ് ബുധനാഴ്ച പുലര്‍ച്ചെ ചത്തത്. ' നിര്‍വ' എന്ന ചീറ്റയുടെ കുഞ്ഞാണിത്. ചീറ്റക്കുഞ്ഞിന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ മധ്യപ്രദേശ് സര്‍ക്കാരും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വനപാലകരും പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്ര അന്വേഷണ സംഘത്തോടൊപ്പം ചേര്‍ന്നായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ സംഘവും പ്രവര്‍ത്തിക്കുക.

വെടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചീറ്റക്കുട്ടിക്കാണ് ജീവന്‍ നഷ്ടമായത്. ചീറ്റയെ വേട്ടയാടാന്‍ ശ്രമിച്ചതോ വെടിവെച്ചതോ ആകാമെന്ന സംശയത്തെ തുടര്‍ന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഷിയോപൂര്‍ ടെറിട്ടോറിയല്‍ ഫോറസ്റ്റ് ഡിവിഷനില്‍ നിന്നാണ് പരിക്കേറ്റ നിലയില്‍ ചീറ്റക്കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയപ്പോള്‍ ശരീരത്തില്‍ നിന്ന് വെടിയുണ്ടയുടെ അഞ്ച് ചീളുകള്‍ ഡോക്ടര്‍മാര്‍ കണ്ടെടുത്തു. ഇവ ചീറ്റയുടെ ആന്തരികാവയവങ്ങള്‍ക്കും പേശികള്‍ക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ കേടുപാടുകള്‍ ഉണ്ടാക്കിയതായി വൈദ്യപരിശോധനയില്‍ വ്യക്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *