ഡല്‍ഹി: ട്രെയിനുകളിലെ രാത്രി മൊബൈല്‍ ചാര്‍ജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയില്‍വേ. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയാണു നിയന്ത്രണം. ഈ സമയത്ത് ചാര്‍ജിങ് പോര്‍ട്ടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കും. മൊബൈല്‍ ഫോണുകള്‍, പവര്‍ ബാങ്കുകള്‍, ലാപ്ടോപ്പുകള് എന്നിവ ചാര്‍ജ് ചെയ്യുന്നതിനാണ് നിയന്ത്രണം.
യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് രാത്രികാലങ്ങളില്‍ ട്രെയിനുകളിലെ ചാര്‍ജിങ് പോയിന്റുകള്‍ ഓഫ് ചെയ്തു വയ്ക്കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. അപകട സാധ്യതകള്‍ ഒഴിവാക്കാനാണ് മുന്‍പു നല്കിയ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തും.
കഴിഞ്ഞ വെളളിയാഴ്ച്ച മുംബൈ – ഹൗറ മെയിലില്‍ വച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഒഡീഷയില്‍ വച്ച് എസി കോച്ചില്‍ പവര്‍ബാങ്ക് പൊട്ടിത്തെറിച്ചായിരുന്നു അപകടം. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ജീവനക്കാര്‍ക്ക് വീഴ്ച്ചയുണ്ടായതായി റെയില്‍വെ വിലയിരുത്തി.