കൊച്ചിയിൽ സിനഗോഗിന് തീയിട്ട ശേഷം പ്രതി എബിൻ ചിത്രം ടെലഗ്രാം വഴി അയച്ചുകൊടുത്തു, കിട്ടിയത് 2000 ഡോളർ

കൊച്ചി: എറണാകുളം മാർക്കറ്റ് റോഡിലെ സിനഗോഗിന് തീയിട്ട ശേഷം പ്രതി എബിൻ ബാബുപോൾ മൊബൈലിൽ ഇതിന്റെ ചിത്രമെടുത്ത് പാക് തീവ്രവാദികൾക്ക് അയച്ചുകൊടുത്തു. ടെലഗ്രാം വഴിയാണ് ചിത്രങ്ങളയച്ചത്. ഇതിന് പ്രതിഫലമായി 2000 യുഎസ് ഡോളർ ഇയാൾക്ക് ലഭിച്ചു. ക്രിപ്‌റ്റോ വഴിയാണ് പണം ലഭിച്ചത്. ഈ പണം ഇയാളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. തീവയ്‌പ്പിന്റെ ചിത്രങ്ങളും അത് പങ്കുവച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ടെലഗ്രാം ചാനൽ വഴി ഇയാൾ പരിചയപ്പെട്ട വിദേശത്തുള്ള ചിലരാണ് തീവയ്‌പ്പിന് ഇയാൾക്ക് നിർദ്ദേശം നൽകിയത്. വലിയ ആക്രമണങ്ങൾക്കായി ഇവർ എബിനെ പരിശീലിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കേസിൽ പൊലീസ് യുഎപിഎ ചുമത്തിയതിന് പിന്നാലെ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തിരുന്നു. എബിൻ പോളിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകും.

ഈമാസം 12നാണ് കടവുംഭാഗം സിനഗോഗിന്റെ ഗേറ്റിലെ ഫ്ളക്സ് ബോർഡ് പുത്തൻകുരിശ് വടയമ്പാടി കാവാലംകുഴി വീട്ടിൽ എബിൻ പോൾ തീവച്ചത്. പിറ്റേന്ന് ഇയാളെ പിടികൂടിയപ്പോൾ തന്നെ എൻ.ഐ.എ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിൽ പങ്കെടുത്തിരുന്നു.

പാകിസ്ഥാൻ തീവ്രവാദികളുടെ നിർദ്ദേശപ്രകാരമാണ് തീയിട്ടതെന്നും പ്രതിഫലം ലഭിച്ചെന്നും ഇയാൾ അന്ന്‌ വെളിപ്പെടുത്തിയിരുന്നു. ഫോൺ, ലാപ് ടോപ്പ് എന്നിവ പരിശോധിച്ചപ്പോൾ 'ബോസ്' എന്ന് വിളിക്കുന്ന പാക് തീവ്രവാദിയുമായി നേരിട്ട് ബന്ധപ്പെട്ടതിന്റെ തെളിവുകളും ലഭിച്ചിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനം തെളിഞ്ഞ സാഹചര്യത്തിലാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *