പരീക്ഷാ തട്ടിപ്പ് കേസ്: പിഎസ്‌സി ചെയർമാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: പരീക്ഷാ തട്ടിപ്പ് കേസിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിന് വീണ്ടും നോട്ടീസ് നൽകി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് നിർബന്ധമായും ഹാജരാകണമെന്നാണ് പുതിയ സമൻസിലെ നിർദേശം. ചെയർമാനെ കേസിൽ പ്രതി ചേർക്കുന്നതും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നതും മുന്നിൽ കണ്ടാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് സൂചന.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ, അന്വേഷണം റദ്ദാക്കണമെന്ന പിഎസ്‌സിയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി എം.ആർ. ബൈജു ഒഴിഞ്ഞുമാറിയിരുന്നു. എന്നാൽ ഹൈക്കോടതി അന്വേഷണം തടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകിയത്. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതിരുന്നത് ആസൂത്രിതമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

എഴുത്തുപരീക്ഷകളിലെ മാർക്ക് ചെയർമാനും അംഗങ്ങൾക്കും ചോർന്നു കിട്ടിയെന്ന നിർണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചെയർമാൻ പല കാര്യങ്ങളിലും ഏകപക്ഷീയമായി തീരുമാനമെടുത്തിരുന്നുവെന്നാണ് മൊഴികൾ. കേസിൽ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരി, ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് പിഎസ്‌സി അംഗങ്ങളുടെ മൊഴികളിൽ നിന്നുമാണ് ചെയർമാനെതിരായ തെളിവുകൾ ലഭിച്ചത്.

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേടുകൾ എന്നിവയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നത്. ചൊവ്വാഴ്ചയും ചെയർമാൻ ഹാജരായില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ പരീക്ഷകളിൽ മുൻ ചെയർമാൻ എം.കെ. സക്കീറും ആരോപണവിധേയനാണ്. എന്നാൽ അദ്ദേഹത്തിന് ഇതുവരെ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *