കമ്പാല: കഴിഞ്ഞ 15 വർഷത്തിനിടെ 38 പേരെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച കേസിൽ ഒരാളെ ഉഗാണ്ടൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി രാജ്യത്തെ സൈനിക മേധാവി അറിയിച്ചു. മുജൂരിസി മോസസ് എന്ന് തിരിച്ചറിഞ്ഞ പ്രതി, 2010 നും 2025 നും ഇടയിൽ മസാക്ക, ഇബന്ദ, കസോ എന്നീ ജില്ലകളിലാണ് ഈ ക്രൂരകൃത്യങ്ങൾ നടത്തിയത്. ഉഗാണ്ടയുടെ ഡിഫൻസ് ഫോഴ്സ് മേധാവി ജനറൽ മുഹൂസി കൈനെറുഗബ തിങ്കളാഴ്ച വൈകുന്നേരം എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.
രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും ഭീകരനായ പരമ്പര കൊലയാളിയും നരഭോജിയുമാണ് മോസസ് എന്ന് വിശേഷിപ്പിച്ച ജനറൽ, പ്രതി പരസ്യ വിചാരണ നേരിടുമെന്നും വ്യക്തമാക്കി. "ദുഷ്ടനായ മുജൂരിസി മോസസിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്ത വിവരം പൗരന്മാരെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരനായ പരമ്പര കൊലയാളിയും നരഭോജിയുമാണ് ഇയാൾ. 2010 നും 2025 നും ഇടയിൽ മസാക്ക, ഇബന്ദ, കസോ എന്നിവിടങ്ങളിൽ വെച്ച് ഇയാൾ 38 പേരെ കൊന്ന് തിന്നു. ഞങ്ങൾ ഇയാളെ പരസ്യമായി വിചാരണ ചെയ്യുകയും ഉറപ്പായും വധശിക്ഷ നടപ്പാക്കുകയും ചെയ്യും," തന്റെ പോസ്റ്റിൽ ജനറൽ കൈനെറുഗബ പറയുന്നു.
പ്രാദേശിക അന്വേഷകരുടെ പറയുന്നതനുസരിച്ച്, ഇയാൾ വീടുകളിൽ അതിക്രമിച്ചുകയറി കൊടുവാൾ ഉപയോഗിച്ചാണ് ആക്രമണം നടത്തി യിരുന്നത്. പെന്തക്കോസ്റ്റൽ പാസ്റ്റർ സ്റ്റീവൻ മുഗംബെയുടെ വീട്ടിൽ നടത്തിയ അക്രമമാണ് ഇതിൽ ഏറ്റവും ക്രൂരമായ സംഭവമെന്ന് ‘മെട്രോ’ റിപ്പോർട്ട് ചെയ്തു. പാസ്റ്ററും കുടുംബവും ഉൾപ്പെടെ ഒമ്പത് പേരെയാണ് ഇയാളും സംഘവും വെട്ടിക്കൊന്നത്. ഈ സംഭവം ഉഗാണ്ടയിൽ വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു.
വീടുകളിൽ കയറിയുള്ള ആക്രമണങ്ങൾക്ക് പുറമേ, സ്ത്രീകളെ പ്രണയം നടിച്ചും സാമ്പത്തിക സഹായ വാഗ്ദാനം നൽകിയും വിജനമായ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ ജയിൽ അധികൃതരുടെ അഴിമതിയും പ്രാദേശിക സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയും കാരണം ഇയാൾ പലതവണ ജയിൽ ചാടുകയോ, സംശയത്തിന്റെ ആനുകൂല്യത്തിൽ പുറത്തിറങ്ങി വീണ്ടും കൊലപാതകങ്ങൾ തുടരുകയോ ചെയ്യുകയായിരുന്നു. എന്നിരുന്നാലും, മോസസിനെതിരെയുള്ള ആരോപണങ്ങൾ നിയമപരമായ നടപടികളിലൂടെ തെളിയിക്കേണ്ടതുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലായി നടന്ന പരമ്പര കൊലപാതകങ്ങളിലെ അറസ്റ്റ് വലിയ ജനശ്രദ്ധ നേടിയിരിക്കുകയാണ്.
ഇയാളെ സൈനിക/പ്രത്യേക കോടതിയിൽ വെച്ച് ജനങ്ങൾക്ക് മുന്നിൽ പരസ്യമായി വിചാരണ ചെയ്യുമെന്നും, തെളിവുകൾ ഉറപ്പിച്ച ശേഷം പരസ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കുമെന്നും സൈനിക മേധാവി ജനറൽ മുഹൂസി കൈനെറുഗബ അറിയിച്ചിട്ടുണ്ട്.