തിരുവനന്തപുരം: സാധാരണക്കാർക്ക് ആശ്വാസമായി ക്ഷേമപെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ മാറ്റം. വീട്ടിലെ എയർ കണ്ടീഷണറും 1000 സിസിയിൽ താഴെയുള്ള വാഹനങ്ങളും ഇനി അർഹതാ മാനദണ്ഡത്തിൽ പരിഗണിക്കില്ല.
രോഗികളുള്ള വീടുകളിലും മറ്റും എസി ഉപയോഗിക്കുന്നതിന്റെയും 1000 സിസിയിൽ താഴെയുള്ള വാഹനങ്ങൾ സ്വന്തമായതിന്റെയും പേരിൽ ക്ഷേമപെൻഷൻ നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പുതിയ പരിഷ്കരണത്തോടെ കൂടുതൽ പേർക്ക് ക്ഷേമപെൻഷൻ ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.
തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. 1000 സിസിയിൽ താഴെയുള്ള വാഹനങ്ങളിൽ പ്രധാനമായും ചെറുകാറുകളും ഓട്ടോറിക്ഷകളും ഉൾപ്പെടും. സാമൂഹ്യ ക്ഷേമ പെൻഷൻ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു.