ടൂറിസ്റ്റ് ബസുകൾ ഇനി‌ പഴയതുപോലെ കളറിലേക്ക്?​ വിജ്ഞാപനം പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഏകീകൃത നിറം എന്ന കളർകോഡ് പരിശോധിക്കാൻ സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് നിർദ്ദേശം നൽകി സർക്കാർ‌. ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് ചട്ടവും വിനോദസഞ്ചാര മേഖലയിൽ നിന്നും ഉയരുന്ന ആവശ്യങ്ങളും പരിഗണിച്ചാണ് നടപടി. റോഡ് സുരക്ഷയെ മുൻനിർത്തി ഹൈക്കോടതി ഉത്തരവിറക്കിയതിനെ തുടർന്നാണ് 2021 ഓഗസ്റ്റ് 11ന് എൽഎംവി അല്ലാത്ത കോണട്രാക്‌ട് ക്യാരേജ് വാഹനങ്ങൾക്ക് കളർ കോഡ് തീരുമാനം നടപ്പാക്കിയത്. കേരളത്തിൽ മാത്രം കളർകോഡ് നടപ്പാക്കിയത് ഇവിടെ ടൂറിസം ഗതാഗത രംഗത്തെ പ്രതികൂലമായി ബാധിച്ചെന്ന് പരാതികൾ ഉയർന്നിരുന്നു തുടർന്നാണ് കളർകോഡ് പരിശോധിക്കാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് സർക്കാർ നിർദ്ദേശം വന്നിരിക്കുന്നത്.

ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്)​ റൂൾസ്, 2023 കണക്കിലെടുത്ത് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും റോഡ് സുരക്ഷയ്‌ക്കായി 2019ലെ ഹൈക്കോടതി വിധിയും നിർദ്ദേശങ്ങളും പൂർണായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സർ‌ക്കാർ നിർദ്ദേശവുമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്ക് ഇത്തരം നിറം നിയന്ത്രണം ഇല്ലാത്തപ്പോൾ കേരളത്തിലെ ടൂറിസ്റ്റ് ബസുകൾ ആളുകൾ വാടകയ്‌ക്കെടുക്കുന്നത് കുറഞ്ഞതായി ഉടമകൾ പരാതിപ്പെട്ടിരുന്നു. നിറത്തിലെ നിയന്ത്രണം ശക്തമായതോടെ വാഹന ഉടമകൾ ഇവിടെ രജിസ്ട്രേഷൻ ചെയ്യുന്നത് കുറച്ചതോടെ മോട്ടോർ വാഹന നികുതി,​ പെർമിറ്റ് ഫീസ്,​ മറ്റ് വരുമാനങ്ങൾ എന്നിവയിൽ സർക്കാരിനും കുറവുവന്നു. ഇതും സർക്കാർ‌ തീരുമാനത്തിന് കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *