‘ചലോദില്ലി’ ആഹ്വാനവുമായി കോണ്‍ഗ്രസ് ; പ്രതിഷേധം കൊണ്ട് ഇന്നും തലസ്ഥാനം പ്രക്ഷുബ്ദ്ധമാകും

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രതിഷേധം ഇന്നും തലസ്ഥാനത്തെ പ്രക്ഷുബ്ദ്ധമാക്കും. തെരുവുകളിലെ പോരാട്ടം തുടരുന്നതിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് ക്രിമിനല്‍ നടപടികളില്‍ നിന്ന് നിയമപരമായ പരിരക്ഷ നല്‍കുന്ന നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് നിയമപരമായ വഴികളും തേടുകയാണ്.

ഇന്ത്യ മുന്നണി ഇതിനകം തന്നെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധ തടങ്കലുകള്‍ പാടില്ലെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവ് വന്നതോടെ പ്രതിപക്ഷത്തിന് ആത്മവിശ്വാസം കൂടിയിട്ടുണ്ട്. ഇന്നലെ സമരക്കാരെ കാണാന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഹര്‍ജി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യ മുന്നണിയിലെ എല്ലാ നേതാക്കളോടും ഡല്‍ഹിയില്‍ എത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. എല്ലാ ലോക്സഭാ, രാജ്യസഭാ എംപിമാരും ഡല്‍ഹിയില്‍ തന്നെ തുടരണമെന്ന് കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഗോവയിലേക്കുള്ള മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനം മാറ്റിവെക്കുകയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായും മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ തേജസ്വി യാദവും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും രാവിലെ എത്തിച്ചേരും. ഇതിനൊപ്പം നിയമപരമായ പോരാട്ടവും നടത്താന്‍ ഉദ്ദേശമുണ്ട്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം വഴിയുള്ള വോട്ട് ചോര്‍ച്ചയെക്കുറിച്ചുള്ള വിഷയം ഉന്നയിക്കുകയും, ഈ അവകാശവാദങ്ങളെ സാധൂകരിക്കുന്നതിനുള്ള ഡോക്യുമെന്ററി തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *